ഭോപ്പാല്‍: മധ്യപ്രദേശിലെ സുബാള്‍ എന്ന ഖനിത്തൊഴിലാളിയെ അപ്രതീക്ഷിതമായി തേടിയെത്തിയത് ലക്ഷങ്ങളുടെ സൗഭാഗ്യം. പന്നയിലെ ഖനിയില്‍ ജോലിയെടുക്കുന്നതിനിടെ സുബാളിന് വിലയേറിയ മൂന്ന് വജ്രങ്ങളാണ് ലഭിച്ചത്. ഒരേ ദിവസം തന്നെ ലഭിച്ച ഈ കല്ലുകള്‍ക്ക് 30 ലക്ഷം മുതല്‍ 35 ലക്ഷം വരെ വിലമതിയ്ക്കുമെന്നാണ് റിപ്പോർട്ട്. 

വജ്രക്കല്ലുകള്‍ സുബാള്‍ ജില്ലാ വജ്ര ഓഫീസില്‍ ഹാജരാക്കി. സര്‍ക്കാര്‍ നിയമമനുസരിച്ച് വജ്രങ്ങള്‍ ലേലത്തിന് വെക്കുമെന്ന് പാണ്ഡെ പറഞ്ഞു. 12 ശതമാനം നികുതി കുറച്ച ശേഷം ലേലത്തുകയുടെ ബാക്കി 88 ശതമാനം സുബാളിന് നല്‍കും. വജ്രങ്ങള്‍ ലഭിച്ചതിനാല്‍ ഒറ്റ ദിവസം കൊണ്ട് ലക്ഷപ്രഭുവായിത്തീര്‍ന്ന സുബാളിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പന്ന ബുന്ദേല്‍ഖണ്ഡിലെ ഖനിയില്‍ നിന്ന് കുറച്ചു വർഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു തൊഴിലാളിയ്ക്ക്  10.69 കാരറ്റ് വജ്രം ലഭിച്ചിരുന്നു. വജ്രഖനികളുടെ പേരില്‍ ലോകപ്രശസ്തമാണ് പന്ന.