മുംബൈ: മീ ടൂ ആരോപണത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അനിര്‍ബാന്‍ ബ്ലായെ പോലീസ് ഇടപെട്ട് രക്ഷപ്പെടുത്തി. സെലിബ്രിറ്റി മാനേജ്മെന്റ് ഏജന്‍സിയായ ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹസ്ഥാപകനാണ് അനിര്‍ബാന്‍ ബ്ലാ.

ലൈംഗികാരോപണങ്ങളുമായി സ്ത്രീകള്‍ രംഗത്ത് വന്നതോടെ ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റിലെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന്  അനിര്‍ബാന്‍ മാറി നില്‍ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 

വെള്ളിയാഴ്ച അര്‍ധരാത്രി മുംബൈ വാഷിയിലെ പാലത്തിന് മുകളില്‍ ആത്മഹത്യ ചെയ്യാനെത്തിയ അനിര്‍ബാനെ ട്രാഫിക് പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. അനിര്‍ബാന്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഇവര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

ആത്മഹത്യ ചെയ്യാന്‍ പാലത്തിനരികിലേക്ക് അനിര്‍ബാന്‍ വരുന്നതായി അറിഞ്ഞ പോലീസ് ഇവിടെയെത്തുകയും പാലത്തിനു മുകളിലെ ബാരിക്കേഡിന് മുകളിലേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ കൈയോടെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി.