ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷക പട്ടം നല്‍കുന്നതിനായി പുതുതായി ആരംഭിച്ച നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ സുപ്രീം കോടതിയെ സമീപിച്ചു. സീനിയര്‍ അഭിഭാഷക പട്ടം നല്‍കുന്നതിന് ഇന്ദിര ജയ്‌സിംഗ് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ചട്ടം രൂപീകരിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

2018ലെ വിജ്ഞാപന പ്രകാരം സീനിയര്‍ അഭിഭാഷക പട്ടം നല്‍കുന്നതിനായി നടന്ന ഫുള്‍ കോര്‍ട്ട് വോട്ടെടുപ്പില്‍ കേവല വോട്ട് ലഭിച്ചവര്‍ക്ക് സീനിയര്‍ അഭിഭാഷക പട്ടം നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകര്‍ക്ക് സീനിയര്‍ പട്ടം നല്‍കുന്നതിനായി 2018ല്‍ കേരള ഹൈക്കോടതി തയ്യാറാക്കിയ ചട്ടത്തില്‍ ചില വ്യവസ്ഥകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ദിര ജയ്‌സിംഗ് കേസില്‍ സുപ്രീം കോടതി ഉത്തരവിലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ചട്ടത്തില്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥകള്‍ റദ്ദാക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ദിര ജയ് സിങ് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന് അനുസരിച്ച് ചട്ടം രൂപീകരിക്കണമെന്നും അതുവരെ പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ പട്ടം അനുവദിക്കരുതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ അവശ്യപ്പെട്ടിട്ടുണ്ട്. 

കേരള ഹൈക്കോടതി 2018 ഏപ്രില്‍ രണ്ടിനാണ് സീനിയര്‍ അഭിഭാഷക പട്ടം നല്‍കുന്നതിനുള്ള വിജ്ഞാപനം ഇറക്കിയത്. കേരള ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി അക്കാലത്ത് സ്റ്റേറ്റ് അറ്റോര്‍ണിയായ സോഹന്റെ പേര് സീനിയര്‍ അഭിഭാഷക പദവി നല്‍കുന്നതിന് ശുപാര്‍ശ ചെയ്തിരുന്നു. സോഹന്‍ ഉള്‍പ്പടെ 29 പേരെ സ്ഥിരം കമ്മീഷന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. തുടര്‍ന്ന് 22 പേര്‍ക്ക് സീനിയര്‍ അഭിഭാഷക പട്ടം നല്‍കാന്‍ സ്ഥിരം കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ സ്ഥിരം കമ്മീഷന്‍ ശുപാര്‍ശ ചെയ്തവരെയും അല്ലാത്തവരെയും ഫുള്‍ കോര്‍ട്ട് വോട്ടിങ്ങിന് പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു.

ഹൈക്കോടതിയിലെ 38 ജഡ്ജിമാരും പങ്കെടുത്ത ഫുള്‍ കോര്‍ട്ട് വോട്ടിങ്ങില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷം ലഭിച്ച മൂന്ന് പേര്‍ക്ക് മാത്രമേ സീനിയര്‍ അഭിഭാഷക പട്ടം നല്‍കിയുള്ളു. സോഹന്‍ ഉള്‍പ്പടെ 20 വോട്ട് ലഭിച്ച മൂന്ന് പേര്‍ക്ക് സീനിയര്‍ അഭിഭാഷക പട്ടം നല്‍കിയില്ല. ഫുള്‍ കോര്‍ട്ടിന്റെ പകുതി അംഗങ്ങളുടെ വോട്ട് ലഭിച്ചാല്‍ മതിയെന്ന സുപ്രീം കോടതി ഉത്തരവിലെ വ്യവസ്ഥ മറികടന്നാണ് രണ്ടില്‍ മൂന്ന് വോട്ട് വേണമെന്ന വ്യവസ്ഥ ഹൈക്കോടതി ചട്ടത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സോഹന്റെ ആരോപണം. 

ഇതിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുളളവര്‍ക്ക് പരാതി നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഇതിനിടയില്‍ മാര്‍ച്ചിലും മേയ് മാസത്തിലുമായി പുതിയ സീനിയര്‍ അഭിഭാഷക പട്ടത്തിനായുള്ള ശുപാര്‍ശകള്‍ക്കും അപേക്ഷകള്‍ക്കും ഹൈക്കോടതി വിജ്ഞാപനം ഇറക്കി. ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സ്റ്റേറ്റ് അറ്റോര്‍ണി ആയിരുന്നു കെ വി സോഹന്‍. അഭിഭാഷകന്‍ ബിജോ മാത്യു ജോയ് ആണ് സോഹന്റെ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്.

content highlights: kv sohan plea in supreme court against high court senior lawyer post process