ന്യൂഡൽഹി: ഹാസ്യകലാകാരന്‍ കുണാല്‍ കാംറയ്ക്കും കാര്‍ട്ടൂണിസ്റ്റ് രചിതാ താനേജയ്ക്കും എതിരായ കോടതി അലക്ഷ്യ ഹര്‍ജികളില്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവിറക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കുന്നത്. 

റിപ്പബ്ലിക്ക് ടി വി എഡിറ്റര്‍ ഇൻ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതിന്  സുപ്രീം കോടതിയെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്തതതിലാണ് കുണാൽ കാംറ കോടതി അലക്ഷ്യ കേസ് നേരിട്ടത്. ട്വീറ്റുകളിലൂടെ കാംറ സുപ്രീം കോടതിയെയും ജഡ്ജിയെയും പരിഹസിച്ചിരിക്കുകയാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു.

ബിജെപിയുമായി സഹകരിക്കുന്നുവെന്നാരോപിച്ച് വരച്ച കാര്‍ട്ടൂണിനാണ് രചിതാ താനേജയ്ക്ക് എതിരായ കോടതി അലക്ഷ്യ ഹര്‍ജി. ഇരുവര്‍ക്കുമെതിരായ കോടതി അലക്ഷ്യ നടപടികള്‍ക്ക് നേരത്തെ അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍ അനുമതി നല്‍കിയിരുന്നു. കാംറയ്ക്കും താനേജയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് നാളെ കോടതി ഉത്തരവ് പറയുന്നത്.

content highlights: Kunal Kamra Contempt of court issue, Verdict on Friday