ന്യൂഡല്‍ഹി: ഹരിദ്വാറില്‍ നടന്നുവരുന്ന മെഗാ കുംഭമേള ഏപ്രില്‍ 30 വരെ തുടരും. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പ് തന്നെ കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിക്കുകയും ചെയ്തു.

'ജനുവരിയില്‍ നടക്കേണ്ടിയിരുന്ന കുംഭമേള കോവിഡിനെ തുടര്‍ന്നാണ് ഏപ്രിലിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തനിക്ക് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല' ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റും കുംഭമേള ഓഫീസറുമായ ദീപക് റാവത്ത് പറഞ്ഞു.

മേള നേരത്തെ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മേള തടസ്സമില്ലാതെ തുടരുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

രാജ്യ വ്യാപകമായി കോവിഡ് വ്യാപകമായി പടരുന്നതിനിടെ ഗംഗാതീരത്ത് നടക്കുന്ന കുംഭമേളയില്‍ ലക്ഷ കണക്കിന് പേരാണ് ഒരുമിച്ച് ചേരുന്നത്.

ഇന്ന് വൈകീട്ട് ആറുവരെയായി 14 ലക്ഷത്തോളം പേര്‍ ഗംഗാതീരത്തെത്തി ഷാഹി സ്‌നാനം നടത്തി. 17.31 ലക്ഷത്തോളം പേരാണ് സ്‌നാനത്തിനായി ഗംഗാതീരത്തെത്തിയിട്ടുള്ളത്.