ന്യൂഡല്‍ഹി: കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് കുംഭമേള ചടങ്ങുകള്‍ ചുരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെ മോദി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്‌. 

സംന്യാസിമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മോദി സ്വാമി അവദേശാനന്ദ ഗിരിയോട് ചോദിച്ചറിഞ്ഞു. ചടങ്ങുകള്‍ ചുരുക്കുന്നത് കോവിഡിനെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടം ശക്തിപ്പെടുത്തുമെന്നും മോദി ട്വീറ്റ് ചെയ്തു. 

കുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ദിവസങ്ങളില്‍ സംന്യാസിമാര്‍ ഗംഗയില്‍ കുളിക്കുന്ന രണ്ട് പ്രധാന ചടങ്ങുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ചടങ്ങുകള്‍ ചുരുക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നു വൈകീട്ടോടെ ഉണ്ടായേക്കും. നേരത്തെ ഏപ്രില്‍ 30 വരെയാണ് കുംഭമേള നടത്താന്‍ നിശ്ചയിച്ചിരുന്നത്‌. 

രാജ്യത്തെ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള ചടങ്ങുകള്‍ ചുരുക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടത്. കുംഭമേളയില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രധാന സംന്യാസി വിഭാഗത്തിന്റെ തലവന്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തിരുന്നു.

content highlights: "Kumbh Mela Should Now Only Be Symbolic To Strengthen Covid Fight": PM