ലാഹോര്‍: ചാര പ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിന് നിയമസഹായം നല്‍കുന്നതിനെതിരെ ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍. കുല്‍ഭൂഷണ് നിയമസഹായം നല്‍കുന്നവരെ പുറത്താക്കുമെന്നാണ് ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ്.

കുല്‍ഭൂഷണ് വേണ്ടി ഏതെങ്കിലും അഭിഭാഷകര്‍ ഹാജരായാല്‍ അവരെ അസോസിയേഷനില്‍ നിന്ന് പുറത്താക്കുമെന്ന് ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ അമീര്‍ സയീദ് റാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഏതെങ്കിലും വിദേശ സമ്മര്‍ദത്തിന് അടിപ്പെടരുതെന്ന് സര്‍ക്കാരിനേട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യയുടെ മകനാണെന്നും അദ്ദേഹത്തെ മോചിപ്പിക്കാന്‍ പാക് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും ഇന്ത്യ പറഞ്ഞിരുന്നു. എന്നാല്‍ പാകിസ്താനികളുടെ ജീവിതം വെച്ചു കളിച്ച ഇന്ത്യന്‍ ചാരനെ സര്‍ക്കാര്‍ തൂക്കിലേറ്റണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുമെന്നും അമീര്‍ റാന്‍ പറഞ്ഞു. 

ഇതിനിടയില്‍ യാദവ് വിഷയത്തില്‍ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബാവാല പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. യാദവ് വിഷയം നയതന്ത്രതലത്തില്‍ നിരവധി തവണ ബംബാവാല ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും പാകിസ്താന്‍ നിരാകരിക്കുകയായിരുന്നു. ഇതിന് പുറമേ പാകിസ്താന്‍ നിയമ സംവിധാനം അനുസരിച്ച് യാദവിന് സഹായങ്ങള്‍ ചെയ്യുന്ന കാര്യവും ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. 

നേരത്തെ കുല്‍ഭൂഷണ്‍ യാദവിന്റെ കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പും വേണ്ടെന്ന് പാകിസ്താനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.