ന്യൂഡല്‍ഹി: മഴക്കെടുതിയിലായ കുടകില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തണമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. കുടകിലും കര്‍ണാടകയിലും ഉണ്ടായിട്ടുള്ള ദുരിതങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം കേരളത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കുടകിലും സന്ദര്‍ശനം നടത്തണമെന്നാണ് തനിക്ക് ആവശ്യപ്പെടാനുള്ളതെന്നും പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ കടമയാണതെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയെതുടര്‍ന്ന് വെള്ളപ്പൊക്കവും രൂക്ഷമായ മണ്ണിടിച്ചിലും കുടകില്‍ നിരവധി പേര്‍ അകപ്പെട്ടിരുന്നു. നാലായിരത്തോളം ആളുകളെ മഴക്കെടുതിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിന്നു.

പ്രളയം 324 മനുഷ്യജീവനുകളെടുത്ത കേരളത്തിലെ പ്രധാന പ്രളയബാധിതപ്രദേശങ്ങളിലൂടെ മോദി ആകാശ സവാരി നടത്തിയിരുന്നു. സംസ്ഥാനത്തിനു കേന്ദ്രം പൂര്‍ണപിന്‍തുണയും പ്രഖ്യാപിച്ചിരുന്നു. 100 കോടിയുടെ അടിയന്തര സഹായം വാഗ്ദാനം ചെയ്ത് പിന്നീട് 500 കോടി കൂടി നല്‍കാമെന്നുറപ്പു നല്‍കുകയായിരുന്നു. വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ടു ലക്ഷവും ഗുരുതരമായി പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നുമറിയിച്ചിരുന്നു. ഇത് പരാമര്‍ശിച്ചാണ് സിദ്ദരാമയ്യ രംഗത്ത് വന്നത്. 

സിദ്ദരാമയ്യ പ്രദേശ് കോണ്‍ഗ്രസ് ചീഫ് ദിനേശ് ഗുണ്ടു റാവുവിനൊപ്പം കുടകു ജില്ലയില്‍ പ്രളയവും ഉരുള്‍പ്പൊട്ടലും തകര്‍ത്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. രണ്ടു ദിവസമായി ആ മേഖലകളില്‍ മഴ വിട്ടു നില്‍ക്കുന്നതിനാല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ണമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്യേഗസ്ഥര്‍ പറഞ്ഞു. ദുരിതാശ്വാസക്യാമ്പുകളിലുള്ളവര്‍ക്ക് അവശ്യ വസ്തുക്കളെത്തിക്കുക, തകര്‍ന്ന റോഡുകള്‍ ശരിയാക്കുക, വൈദ്യുതി സംവിധാനങ്ങള്‍ പുനസ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനായി വിവിധ ഏജന്‍സികളില്‍ നിന്നായി 1019 പോരോളം ഉള്‍പ്പെടുന്ന രക്ഷാ പ്രവര്‍ത്തകര്‍ കുടകിലെത്തിയിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. റോഡുകളുടെ പുനരുദ്ധാരണം മദ്രാസില്‍ നിന്നുമുള്ള എഞ്ചിനീയര്‍ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇരുപതിലേറെ ദിവസങ്ങളായി അടഞ്ഞു കിടന്ന സ്‌കൂളുകള്‍ ഇന്ന് തുറന്നു. ജില്ലയിലാകെ 51 റിലീഫ് ക്യാമ്പുകളിലായി 6996 പേരാണുള്ളത്. വ്യാഴാഴ്ച്ച വരെയുള്ള കണക്കനുസരിച്ച് 1118 വീടുകള്‍ നശിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ മറ്റൊരു ദുരിതബാധിത മേഖലയായ ദക്ഷിണ കന്നഡയില്‍ 5 മരണവും 360 വീടുകള്‍ നശിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഭൂമിശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ നിന്നും മൂന്നംഗ ടീം പരിശോധനക്കായി ദുരിത ബാധിതപ്രദേശങ്ങളിലെത്തിയിരുന്നു. ദുരന്തനിവാരണ സംഘത്തിലെ പ്രതിനിധികള്‍ ദുരിതത്തിന്റെ തീവ്രത കൃത്യമായറിയാനായി മംഗളൂരുവിലും എത്തിയിരുന്നു.

ദുരന്തത്തില്‍ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരു ഏക ജാലക സംവിധാനമൊരുക്കി ഡ്യൂപ്ലിക്കേറ്റുകള്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.