ഡോ. രാജശ്രീ എം.എസ്, സുപ്രീം കോടതി | ഫോട്ടോ: മാതൃഭൂമി, എഎൻഐ
ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസു മാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്. നിയമനം റദ്ദാക്കിയ വിധിയില്‍ ഇതുവരെ ലഭിച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്ന് പുനഃപരിശോധന ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വൈസ് ചാന്‍സലര്‍ ആയിരുന്ന കാലയളവിലുള്ള പെന്‍ഷന് രാജശ്രീക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജഡ്ജിമാര്‍ ചേമ്പറില്‍ പരിഗണിച്ചാണ് ഡോ. രാജശ്രീ എം എസിന്റെ പുനഃപരിശോധന ഹര്‍ജി തള്ളിയത്. രാജശ്രീയുടെ നിയമനം വോയ്ഡ് അബ് ഇനിഷ്യോ എന്നാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷായും, സി.ടി രവികുമാറും അടങ്ങിയ ബെഞ്ച് നേരത്തെ വിധിച്ചിരുന്നത്. അതിനാല്‍ തന്നെ ഈ സേവനം പെന്‍ഷന് കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുത് എന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ രാജശ്രീ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഇരയാകുക ആയിരുന്നുവെന്നും പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സമൂഹത്തിന് മുന്നിലും, സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കി. തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും താന്‍ അപമാനിതയായെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധന ഹര്‍ജിയില്‍ ഡോ. രാജശ്രീ എം.എസ് വ്യക്തമാക്കിയിരുന്നു. പുനഃപരിശോധന ഹര്‍ജി തള്ളിയതോടെ തിരുത്തല്‍ ഹര്‍ജി നല്‍കുക എന്ന നിയമപരമായ സാധ്യത മാത്രമാണ് രാജശ്രീക്ക് മുന്നില്‍ ഇനി അവശേഷിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജി ലിസ്റ്റ് ചെയ്തില്ല.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ആ ഹര്‍ജി ഇത് വരെയും ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടില്ല. ഡോ രാജശ്രീയുടെയുടെ ഹര്‍ജി ആദ്യം ഫയല്‍ ചെയ്തത് കാരണമാണ് ആദ്യം ലിസ്റ്റ് ചെയ്തത് എന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി. സുപ്രീം കോടതി നിയമനം റദ്ദാക്കി കൊണ്ട് പുറപ്പടിവിച്ച വിധിയില്‍ നിയപരമായി പുനഃപരിശോധിക്കേണ്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തത്.
Content Highlights: KTU VC Dr Rajasree M.S Supreme Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..