Photo: Mathrubhumi
ന്യൂഡല്‍ഹി: കേരള സാങ്കേതിക സര്‍വ്വകലാശാല (KTU) നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കും. മുന്‍ വൈസ് ചാന്‍സലര്‍ ഡോ രാജശ്രീ എംഎസ്സിന്റെ നിയമനം റദ്ദാക്കിയ വിധിയില്‍ വ്യക്തത തേടി ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഗവര്‍ണര്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി സുപ്രീം കോടതിയില്‍ ഹാജരായേക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ തുടര്‍നടപടികളെ സംബന്ധിച്ച് വിശദീകരിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ച് പുതിയ വിസി നിയമനവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിലപാട്. ഇത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് വിസി നിയമനം റദ്ദാക്കിയ വിധിയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ വ്യക്തത തേടി ഗവര്‍ണര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നത്.
വ്യക്തത തേടിയുള്ള ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി ഗവര്‍ണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറ്റോര്‍ണി ജനറലുമായി ചര്‍ച്ച നടന്നതായി ഉന്നത വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് സ്ഥിരീകരിച്ചു. കേന്ദ്ര നിയമന്ത്രാലയത്തിന്റെ അനുമതിയോടെ അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും. ഹര്‍ജി ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനാണ് സാധ്യത.
KTU വിസി നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എം ആര്‍ ഷാ,സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പുതിയ നീക്കം.
Content Highlights: ktu vc appointment, governor will approach supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..