വോയ്ഡ് അബ് ഇനിഷ്യോ...സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജിയുമായി ഡോ.രാജശ്രീ


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്

സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയുള്ള തന്റെ നിയമനം റദ്ദാക്കുമെന്ന് ഒരു ഘട്ടത്തില്‍ പോലും സ്വപ്നം കണ്ടിരുന്നില്ല. നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സമൂഹത്തിന് മുന്നിലും സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കി. തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും താന്‍ അപമാനിതയായെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധന ഹര്‍ജിയില്‍ പറയുന്നു. 

ഡോ. രാജശ്രീ എം.എസ്, സുപ്രീം കോടതി | ഫോട്ടോ: മാതൃഭൂമി, എഎൻഐ

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.എസ്.രാജശ്രീ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. തന്റെ നിയമനം റദ്ദാക്കിയ വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്നാണ് പുനഃപരിശോധന ഹര്‍ജിയിലെ പ്രധാന ആവശ്യം. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഇരയാകുകയായിരുന്നുവെന്നും പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജശ്രീയുടെ നിയമനം വോയ്ഡ് അബ് ഇനിഷ്യോ എന്നാണ് ജസ്റ്റിസുമാരായ എം.ആര്‍.ഷായും, സി.ടി.രവികുമാറും അടങ്ങിയ ബെഞ്ച് വിധിച്ചിരുന്നത്. ഇതോടെ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും മടക്കി നല്‍കണം എന്ന ആവശ്യം ഉയര്‍ന്നേക്കാം. അതിനാല്‍ തന്നെ വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്ന് പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



സെലക്ഷന്‍ കമ്മിറ്റി രൂപീകരണത്തിലോ, ഒരാളെ മാത്രം ശുപാര്‍ശ ചെയ്തതിലോ എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഉത്തരവാദി അല്ല. സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയുള്ള തന്റെ നിയമനം റദ്ദാക്കുമെന്ന് ഒരു ഘട്ടത്തില്‍ പോലും സ്വപ്നം കണ്ടിരുന്നില്ല. നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സമൂഹത്തിന് മുന്നിലും സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കി. തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും താന്‍ അപമാനിതയായെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധന ഹര്‍ജിയില്‍ പറയുന്നു.

വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തനിക്കെതിരെ ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും പുനഃപരിശോധന ഹര്‍ജിയില്‍ ഡോ. രാജശ്രീ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളെ സംബന്ധിച്ച് പുനഃപരിശോധന ഹര്‍ജിയില്‍ വിശദമായി പരാമര്‍ശിച്ചിട്ടില്ല. അഭിഭാഷകന്‍ പി വി ദിനേശ് ആണ് പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

മുന്‍ എജിയുടെ നിയമോപദേശം ലഭിച്ചു; സര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജി ഉടന്‍

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും ഉടന്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്യും. മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ നിയമോപദേശം കൂടി കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്യുന്നത്. ഡോ.രാജശ്രീയുടെ പുനഃപരിശോധന ഹര്‍ജിയില്‍നിന്ന് വ്യത്യസ്തമായി നിയമവശങ്ങള്‍ വിശദീകരിച്ച് കൊണ്ടാകും സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്യുകയെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പുനഃപരിശോധനയ്ക്ക് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദങ്ങള്‍

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കുന്നതിന് സുപ്രീംകോടതി കണക്കിലെടുത്തത് ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയിലെയും കല്‍ക്കട്ട സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധികളാണ്. ഈ രണ്ട് സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരില്‍ നിന്നും വ്യത്യസ്തമാണ് ഡോ.രാജശ്രീയുടെ കേസ്. ഗുജറാത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് വേണ്ടത്ര യോഗ്യത പോലും ഇല്ലായിരുന്നുവെന്നും ഹര്‍ജിയില്‍ കേരളം പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

സംസ്ഥാന നിയമം നിലനില്‍ക്കുമ്പോഴും യുജിസി ചട്ടങ്ങളാണ് നടപ്പാക്കേണ്ടത് എന്നാണ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കി കൊണ്ടുള്ള വിധിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ 2010-ലെ യുജിസി ചട്ടങ്ങള്‍ക്ക് നിര്‍ദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും അത് നിര്‍ബന്ധമായും നടപ്പാക്കാന്‍ സര്‍ക്കാരിനോ സര്‍വകലാശാലയ്‌ക്കോ ബാധ്യത ഇല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

യുജിസി ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍ സംസ്ഥാന നിയമം ആണ് നടപ്പാക്കേണ്ടതെന്ന് 2015-ല്‍ ജസ്റ്റിസ്മാരായ എസ് ജെ മുഖോപാധ്യായ, എന്‍ വി രമണ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധിച്ചിട്ടുണ്ട്. ഡോ.രാജശ്രീ എം.എസ്സിനെ വൈസ് ചാന്‍സലറായി നിയമിക്കുമ്പോള്‍ ഈ വിധിയായിരുന്നു നിലനിന്നിരുന്നത്. 2015-ലെ വിധി മൂന്ന് അംഗ ബെഞ്ച് റദ്ദാക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല.

2015-ലെ വിധി നിലനില്‍ക്കുമ്പോള്‍ ആണ് മറ്റൊരു രണ്ട് അംഗ ബെഞ്ച് ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ വ്യത്യസ്ത വിധി പുറപ്പെടുവിച്ചത്. ഡോ.രാജശ്രീ എം.എസ്സിന്റെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് അയക്കുമ്പോള്‍ സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്തിമവിധി പുറപ്പെടുവിച്ച ബെഞ്ച് ഇക്കാര്യം കണക്കിലെടുത്തില്ല. 2015-ല്‍ രണ്ട് അംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി ഉയര്‍ന്ന ബെഞ്ച് മാറ്റത്തിടത്തോളം കാലം മറ്റൊരു രണ്ട് അംഗ ബെഞ്ചിന് വ്യത്യസ്തമായ വിധി പ്രസ്താവിക്കാന്‍ കഴിയില്ലെന്നാണ് കേരളത്തിന് ലഭിച്ച നിയമോപദേശം.

ഭേദഗതി ചെയ്ത 2013-ലെ യുജിസി ചട്ടങ്ങളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സംസ്ഥാനം നിയമം കൊണ്ട് വരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015-ല്‍ നിയമസഭാ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. അതിനാല്‍ തന്നെ വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. പുനഃപരിശോധന ഹര്‍ജികള്‍ ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചേമ്പറില്‍ ആണ് പരിഗണിക്കുക.

Content Highlights: ktu former vc dr.rajasree given review petition in supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented