പ്രതീകാത്മക ചിത്രം | ഫോട്ടോ: റിദിൻ ദാമു/മാതൃഭൂമി
ന്യൂഡല്‍ഹി: മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനി മുതല്‍ ബസുകളില്‍ പതിക്കില്ലെന്ന് കെഎസ്ആര്‍ടിസി. പരസ്യങ്ങള്‍ പരിശോധിക്കുന്നതിനും അനുമതി നല്‍കുന്നതിനും എംഡിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കും. പതിച്ച പരസ്യങ്ങള്‍ക്ക് എതിരായ പരാതി പരിശോധിക്കുന്നതിന് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ മറ്റൊരു സമിതിക്ക് രൂപംനല്‍കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. പരസ്യം പതിക്കുന്നത് സംബന്ധിച്ച പുതിയ സ്കീം കെഎസ്ആര്‍ടിസി ഇന്ന് സുപ്രീം കോടതിക്ക് കൈമാറും.
ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതുനുസരിച്ച് തയ്യാറാക്കിയ സ്കീമിലാണ് പരസ്യം പതിക്കുന്നതിന് ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധനയും അനുമതിയും നല്‍കുന്നതിന് എംഡിയുടെ അധ്യക്ഷതയില്‍ നാലംഗ സമിതിക്ക് രൂപംനല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ചീഫ് ലോ ഓഫീസര്‍, സീനിയര്‍ മാനേജര്‍ എന്നിവര്‍ക്ക് പുറമെ ഒരു സാങ്കേതിക അംഗവും ഉള്‍പ്പെടുന്നതാണ് സമിതി. ഡെപ്യുട്ടി ഡയറക്ടര്‍ തസ്തികയില്‍ നിന്ന് വിരമിച്ച ഐ & പിആര്‍ഡി ഡയറക്ടറോ മാധ്യമ പ്രവര്‍ത്തകരോ ആകും സാങ്കേതിക സമിതി അംഗം.
മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിക്കുന്നുള്ളുവെന്ന് സമിതി ഉറപ്പുവരുത്തും. പതിക്കുന്ന പരസ്യം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതി പരിശോധിക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കും. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി നേതൃത്വം നല്കുന്ന ഈ സമിതിയിലേക്ക് കെഎസ്ആര്‍ടിസിയിലെ ചീഫ് ലോ ഓഫീസറും സീനിയര്‍ മാനേജറും അംഗമായിരിക്കും. പരാതികളില്‍ സമിതി സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയ സ്കീമില്‍ വിശദീകരിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി കൈമാറുന്ന സ്കീം ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. കെ മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. കെഎസ്ആര്‍ടിസിക്കുവേണ്ടി സീനിയര്‍ അഭിഭാഷകന് വി. ഗിരി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ദീപക് പ്രകാശ് എന്നിവര്‍ ഹാജരാകും.
Content Highlights: KSRTC will not use distracting ads; Committee to examine advertisement and complaint
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..