ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ കണക്കാക്കുന്നതിന് എട്ട് ആഴ്ചയ്ക്കുള്ളില്‍ പുതിയ സ്‌കീം തയ്യാറാക്കിയില്ലെങ്കില്‍ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി. കോടതിക്ക് നല്‍കിയ ഉറപ്പ് നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നതിനാലാണ് അന്ത്യശാസനം നല്‍കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയം ആയതിനാലാണ് സ്‌കീം തയ്യാറാക്കുന്നത് വൈകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 

സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അര്‍ഹതപ്പെട്ട കാലഘട്ടം കൂടി പെന്‍ഷന്‍ തിട്ടപ്പെടുത്തുന്നത് പരിഗണിക്കുന്നതിനായുള്ള സ്‌കീം തയ്യാറാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സുപ്രീം കോടതി നേരത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഓരോ തവണയും കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ സ്‌കീം തയ്യാറാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് കോര്‍പറേഷന്‍ സ്വീകരിച്ചിരുന്നത്. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ ധനകാര്യം, ഗതാഗതം, നിയമം എന്നി വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും അതിനാല്‍ ഒരു മാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി കോടതിയില്‍ ആവശ്യപ്പെട്ടു.

ഏതാണ്ട് അയ്യായിരത്തോളം ജീവനക്കാര്‍ക്ക് സ്‌കീമിന്റെ  ആനുകൂല്യം ലഭിക്കുമെന്നും അതിനാല്‍ എട്ട് ആഴ്ചത്തെ സമയം അനുവദിക്കണമെന്നും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് വാദിച്ചു. ജൂലൈ ഏഴിനാണ് സ്‌കീം സംബന്ധിച്ച് ആദ്യം കോടതിയെ അറിയിക്കുന്നതെന്നും ഓണ അവധി ആയതിനാലാണ് കാലതാമസം ഉണ്ടായതെന്നും കോര്‍പറേഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം അംഗീകരിച്ച കോടതി ഇത് അവസാന അവസരമാണെന്ന് വ്യക്തമാക്കി. സ്‌കീം തയ്യാറാക്കിയില്ല എങ്കില്‍ ഗതാഗത സെക്രട്ടറി ഹാജരാകണമെന്ന വ്യവസ്ഥ ഉത്തരവില്‍ നിന്ന് നീക്കണമെന്ന് കെ.എസ്.ആര്‍.ടി.സി. അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. മനഃപൂര്‍വ്വമാണ് ഉത്തരവില്‍ ആ വ്യവസ്ഥ ഉള്‍കൊള്ളിച്ചതെന്നും സ്‌കീം തയ്യാറാക്കിയാല്‍ ഗതാഗത സെക്രട്ടറി ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസ്മാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കുമെന്ന് 1999-ല്‍ തൊഴിലാളി സംഘടനകളും, കോര്‍പറേഷനും തമ്മില്‍ ഒപ്പ് വച്ച കരാറില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചും ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

content highlights: KSRTC Pension scheme Supreme court of India