
ന്യൂ ഡല്‍ഹി: പൊതു മേഖലാ എണ്ണ കമ്പനികള്‍ ബള്‍ക്ക് പര്‍ച്ചേസര്‍മാര്‍ക്കുള്ള ഡീസല്‍ നിരക്ക് നിശ്ചയിക്കുന്ന രീതി അറിയണമെന്ന് കെ.എസ്.ആര്.ടി.സി. സുപ്രീം കോടതിയിലാണ് ഈ ആവശ്യം കെ.എസ്.ആര്.ടി.സി. ഉന്നയിച്ചത്. എന്നാല്‍, ഈ ആവശ്യം അതിരുകടന്നതാണെന്ന് ജസ്റ്റിസുമാരായ ജെ.ബി പാര്‍ഡിവാല, ആര്. മഹാദേവന് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ബള്‍ക്ക് പര്ച്ചേസര്മാരില് നിന്ന് ഡീസലിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നിലപാട് ചോദ്യം ചെയ്ത് കെ.എസ്.ആര്.ടി.സി. നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
പ്രതിദിനം നാല് ലക്ഷത്തിലധികം ലീറ്റര്‍ ഡീസലാണ് തങ്ങള്‍ക്ക് ആവശ്യമായി വരുന്നതെന്ന് കെ.എസ്.ആര്.ടി.സി. സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ബള്‍ക്ക് പര്‍ച്ചേസര്‍ എന്ന നിലയില്‍ വിപണി വിലയേക്കാൾ ലിറ്ററിന് ഇരുപത് രൂപയോളമാണ് തങ്ങളില്‍നിന്ന് പൊതുമേഖല കമ്പനികള്‍ ഈടാക്കാന്‍ തീരുമാനിച്ചതെന്ന് കെ.എസ്.ആര്.ടി.സിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് പി.വി. ദിനേശും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ദീപക് പ്രകാശും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
2015 -ല്‍ കെ.എസ്.ആര്.ടി.സി. യും പൊതുമേഖല എണ്ണക്കമ്പനികളും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാര്‍ നിലനില്‍ക്കെയാണ് ഏകപക്ഷീയമായി പൊതുമേഖല എണ്ണക്കമ്പനികള്‍ വില സംബന്ധിച്ച നയം മാറ്റിയത്. ഇതിനെതിരെ ആര്ബിട്രേഷന് പോലുള്ള നടപടികളിലേക്ക് കടക്കാന്‍ കഴിയുന്നില്ലെന്നും കെ.എസ്.ആര്.ടി.സി. ചൂണ്ടിക്കാട്ടി. എന്നാല്‍, പൊതുമേഖല എണ്ണക്കമ്പനികളുടെ നിരക്ക് അധികമാണെങ്കില്‍, കോര്പറേഷന് മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കുകയല്ലേ നല്ലതെന്ന് സുപ്രീം കോടതി ആരാഞ്ഞു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനും വിമര്‍ശനം
കെ.എസ്.ആര്.ടി.സിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഡീസല്‍ വില നിര്‍ണ്ണയത്തില്‍ ഹൈക്കോടതിക്ക് ഒരു കാര്യവും ഇല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ട രാമനാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
Content Highlights: KSRTC`s Fuel Price Plea Rejected by Supreme Court
Published: 28 Nov 2024, 03:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented