കെ.സുധാകരൻ, പ്രധാനമന്ത്രി മോദി |ഫോട്ടോ:മാതൃഭൂമി, എ.എൻ.ഐ
ന്യൂഡല്‍ഹി: പെഗാസസ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് എംപി. പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ സ്വന്തം പേരുവച്ച് വെള്ളക്കടലാസ്സില്‍ ഒരു മറുപടി പോലും പറയാന്‍ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'സ്വന്തം കാബിനറ്റിലെ രണ്ട് കേന്ദ്രമന്ത്രിമാരുടെയും മൂന്നു പ്രതിപക്ഷ നേതാക്കളുടേയും ഒരു ഭരണഘടന സ്ഥാപനത്തിന്റെയും, സുരക്ഷാ സേനകളുടെ മുന്‍ തലവന്മാരുടെയും നാല്പത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ഇസ്രായേലി സോഫ്റ്റ്വെയര് പെഗസിസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സില്‍ ഒരു മറുപടി പോലും പറയാന്‍ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി' സുധാകരന് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ പൗരന്മാര്ക്ക് ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഒന്നൊന്നായി ഹനിക്കപ്പെടും എന്ന കാരണം ചൂണ്ടിക്കാട്ടി പുതിയ ഐ.ടി ഇന്റര്‍മീഡിയറി റൂളുകള്‍ക്കെതിരെ റിപ്പോര്‍ട്ട് എഴുതിയതിന് ഐടി മന്ത്രിയെ പുറത്താക്കിയ നരേന്ദ്ര മോദി, പെഗാസസ് ചാരപ്പണിയെ മൂടിവെക്കാന്‍ ശ്രമിക്കുന്നത് എന്തിനാന്നെന്ന് എല്ലാവര്ക്കും അറിയാം.
പൗരന്മാരുടെ ഫോണുകളില്‍ നിന്ന് ഡാറ്റ ചോര്‍ത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പ്രത്യക്ഷമായി ഇടപെടല്‍ നടത്തുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന 'പെഗാസസ്' എന്ന ചാര സ്ഫ്റ്റ്വെയര്‍ രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടേയും, നീതിന്യായ വ്യവസ്ഥയിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമ പവര്ത്തകരുടേയും ഫോണ്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കള്ളന് കപ്പലില്‍ തന്നെയാണെന്നും സുധാകരന് പറഞ്ഞു.
അടിയന്തിരാവസ്ഥയുടെ ഒരുക്കങ്ങളാണ് രാജ്യത്ത് ഷാ- മോദി കൂട്ടുകെട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ഭരണപരാജയങ്ങളും ഗുരുതരമായ വീഴ്ച്ചകളും കച്ചവട താല്പര്യങ്ങളും തുറന്നുകാട്ടുന്നവരുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ ചോര്‍ത്തി അവരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് അധികാര ദുര്‍വിനിയോഗവും ഗുണ്ടായിസ്സവുമാണ്.
സിദ്ധാര്‍ഥ് വരദരാജനെയും, എം കെ വേണുവിനെയും പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് എഴുതുന്ന ഇന്ത്യ ടുഡേയിലെ സന്ദീപ് ഉണ്ണിത്താന്, ഇന്ത്യന്‍ എക്സ്പ്രസ്സില്‍ കാശ്മീരിനെക്കുറിച്ചെഴുതുന്ന മുസമ്മില്‍ ജലീല്‍, ഇലക്ഷന് കവറേജ് ചെയ്യുന്ന ഋധിക ചോപ്ര അങ്ങനെ ഫോണ്‍ ചോര്‍ത്തിയത് ആരുടെയൊക്കെയാണ് എന്ന് പഠിച്ചാല്‍ ഈ ഫോണ്‍ ചോര്‍ത്തല്‍ ഓപ്പറേഷന് പിന്നിലെ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ മനസിലാകും.
ഇതാണ് 56 ഇഞ്ച് നെഞ്ചളവെങ്കില്‍, അതിന് ഫാഷിസ്റ്റുകളുടെ ഭീരുത്വത്തിന്റെ വലിപ്പം എന്നേ പറയാനുള്ളൂ. ഇനി നരേന്ദ്ര മോദി കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂര്‍ണമായും അദ്ദേഹത്തിന് മാത്രമാണെന്നും സുധാകരന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..