ശശി തരൂർ | Photo: ANI
കൊച്ചി: ശശി തരൂര്‍ എം.പിയെ കൂടുതല്‍ വിമര്‍ശിച്ച് പ്രശ്‌നം വഷളാക്കരുതെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയില്‍ ധാരണ. തരൂരിന്റെ വ്യക്തിത്വം പാര്‍ട്ടി ഉപയോഗപ്പെടുത്തണമെന്നും സമിതിയില്‍ ആവശ്യമുയര്‍ന്നു. കെ.പി.സി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ ആര്‍.എസ്.എസ്. അനുകൂല പരാമര്‍ശത്തിലും ചില നേതാക്കള്‍ അതൃപ്തി അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെ പല നേതാക്കളും തുടക്കത്തില്‍ തരൂരിനെ നഖശിഖാന്തം എതിര്‍ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇതാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കിയെതന്ന് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
നിലവിലെ സാഹചര്യത്തില്‍ ശശി തരൂരിനെ കൂടുതല്‍ വിമര്‍ശിച്ച് പ്രശ്‌നം വഷളാക്കാതെ, അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്കുവിടുക എന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. മാത്രവുമല്ല തരൂര്‍ ഇതുവരെ പാര്‍ട്ടിവിരുദ്ധമായ ഒരുകാര്യവും സംസാരിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ പരിപാടികളില്‍ കൂടുതല്‍ ആളുകള്‍ എത്തുകയും ചെയ്യുന്നു. തികഞ്ഞ മതേതരത്വ നിലപാടാണ് തരൂര്‍ പുലര്‍ത്തുന്നതും. ഈ സാഹചര്യത്തില്‍ ഭാവിയില്‍ ശശി തരൂരിന് ലഭിക്കുന്ന വേദികളില്‍നിന്ന് അദ്ദേഹത്തെ വിലക്കേണ്ടതില്ല. അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങളുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന നിലപാടാണ് യോഗം കൈക്കൊണ്ടത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി വിശദീകരിക്കപ്പെടണമെന്നില്ല.
അതേസമയം ഇന്നത്തെ യോഗത്തില്‍ കെ. സുധാകരനെതിരേ വിമര്‍ശനം ഉയരുകയും ചെയ്തു. ആര്‍.എസ്.എസ്. അനുകാല പ്രസ്താവന വിഷയത്തിലായിരുന്നു വിമര്‍ശനം. അസമയത്തുണ്ടായ പ്രസ്താവന എന്നാണ് നേതാക്കള്‍ ചൂണ്ടിക്കാണിച്ചത്. ഇത്തരമൊരു പ്രസ്താവന വന്നപ്പോള്‍ അണികളില്‍ ആശയക്കുഴപ്പമുണ്ടായി. ഇടതുകക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള സാഹചര്യം ഇതിലൂടെ സമ്മാനിക്കപ്പെട്ടു. ഒഴിവാക്കപ്പെടേണ്ട പ്രസ്താവനയായിരുന്നു എന്ന വികാരം യോഗത്തില്‍ പ്രകടിപ്പിക്കപ്പെട്ടു.
മുസ്‌ലിം ലീഗ് വര്‍ഗീയകക്ഷിയല്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയും യോഗത്തില്‍ ചര്‍ച്ചയായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ ആത്മകഥാംശം അടങ്ങിയ പുസ്തകപ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു. കെ.പി.സി.സി. രാഷ്ട്രീയകാര്യയോഗം ചേരുന്നതിന് മുന്‍പേ കെ.പി.സി.സി. അധ്യക്ഷന്‍ ഇതിലുള്ള അതൃപ്തി പിജെ കുര്യനെ അറിയിച്ചു. എന്നാല്‍ താനല്ല പ്രസാധകരാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നുമായിരുന്നു കുര്യന്‍ സുധാകരന് നല്‍കിയ മറുപടി.
Content Highlights: kpcc political affairs committee on shashi tharoor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..