ന്യൂഡല്‍ഹി: കെ.പി.സി.സി പുനസ്സംഘടനയുമായി ബന്ധപ്പെട്ട് ഭാരവാഹി പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ അതൃപ്തിയുമായി ഹൈക്കമാന്‍ഡ്. എ, ഐ ഗ്രുപ്പുകള്‍ക്കിടയില്‍ സമവായം വേണമെന്നും കെപിസിസിയെ ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്താന്‍ താത്പര്യമില്ലെന്നും ഹൈക്കമാന്‍ഡ് കെപിസിസിയെ അറിയിച്ചു. 

ഭാരവാഹിപട്ടികയില്‍  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു. തനിക്കുള്ള എതിര്‍പ്പ് തിരഞ്ഞെടുപ്പ് സമിതിയെ രാഹുല്‍ ഗാന്ധി അറിയിച്ചതായാണ് വിവരം. പട്ടിക തയ്യാറാക്കാനായി എംപിമാരുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. 

സമുദായ സംവരണം പാലിക്കണമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം മുകുള്‍ വാസ്‌നിക്കുമായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കണമെന്നും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു. 

ഭാരവാഹി പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ കെപിസിസിയില്‍ കല്ലുകടി തുടങ്ങിയിരുന്നു. പട്ടികയില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാധാന്യമുണ്ടായിരിക്കണമെന്നും എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്നും ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.