ജയ്പുര്‍:  രാജസ്ഥാനിലെ കോട്ടയിലെ നവജാതശിശുമരണങ്ങളില്‍ പ്രതികരണവുമായി സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. വിഷയത്തെ രാഷ്ട്രീയത്കരിക്കരുതെന്നും കുഞ്ഞുങ്ങളുടെ മരണങ്ങളില്‍ സര്‍ക്കാരിന് ദുഃഖമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കോട്ടയിലെ ജെ.കെ.ലോന്‍ ആശുപത്രിയില്‍ 2019 ഡിസംബര്‍ മുതല്‍ ഇതിനോടകം നൂറിലധികം കുഞ്ഞുങ്ങളാണ് മരിച്ചത്. 

കോട്ടയിലെ ജെ.കെ.ലോണ്‍ ആശുപത്രിയിലെ രോഗബാധിതരായ കുഞ്ഞുങ്ങളുടെ മരണങ്ങളില്‍ സര്‍ക്കാരിന് ദുഃഖമുണ്ട്. ഈ വിഷയത്തില്‍ രാഷ്ട്രീയത്തിന്റെ ആവശ്യമില്ല. ആശുപത്രിയിലെ ശിശുമരണനിരക്ക് കുത്തനെ കുറഞ്ഞുവരികയാണ്. അത് ഇനിയും കുറയ്ക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍. അമ്മമാരും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുക എന്നത് നമ്മുടെ പ്രധാന മുന്‍ഗണനകളില്‍ ഒന്നാണ്- ഗെഹ്‌ലോത് ട്വീറ്റുകളില്‍ പറഞ്ഞു. 

രാജസ്ഥാനില്‍ ആദ്യമായി കുട്ടികള്‍ക്കു വേണ്ടിയുള്ള ഐ.സി.യു.സ്ഥാപിച്ചത് 2003ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും 2011ല്‍ കോട്ടയില്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള ഐ.സി.യു. സ്ഥാപിച്ചതും തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ലക്ഷ്യം ആരോഗ്യമുള്ള രാജസ്ഥാനാണെന്നും ഗെഹ്‌ലോത് ട്വീറ്റില്‍ വ്യക്തമാക്കുന്നു. 

കോട്ടയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പിയും ബി.എസ്.പിയും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗെഹ്‌ലോത്തിന്റെ പ്രതികരണം. 

content highlights kota infant death, dont politicise the issue says rajastan chief minister ashok gehlot