
അപകടത്തിൽപ്പെട്ട കാറും മരണപ്പെട്ട മലയാളി യുവതി ഡോ. ധനുഷ പടിക്കലും
ബെംഗളൂരു: സഞ്ചരിച്ചത് ആഡംബര കാറില്‍. സുരക്ഷാ സംവിധാനങ്ങള്‍ ഏറെയുള്ള വാഹനം. എന്നാല്‍ ആ 'സുരക്ഷ' അവര്‍ തേടിയില്ല. ഞെട്ടിച്ച അപകടത്തില്‍ അവര്‍ ഏഴ് പേരും ദാരുണമായി മരിച്ചു. തലയിലും ശരീരത്തിലുമേറ്റ പരിക്കുകള്‍ അമിതരക്തസ്രാവത്തിലേക്ക് നയിച്ചതാണ് ബെംഗളൂരു അപകടത്തില്‍ പെട്ടവരുടെ മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ ചൊവ്വാഴ്ച സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. രാത്രി ഏറെ വൈകി മൂന്ന് മണിയോടെയാണ് ഏഴ് പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കെത്തിച്ചതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. ഏഴ് പേരുടേയും നെഞ്ച്, വയര്‍, തല എന്നീ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. അമിത രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി റിപ്പോര്‍ട്ടില്‍ പറയുന്നു.
മരിച്ചവരില്‍ മലയാളി ഡോക്ടറും എംഎല്‍എയുടെ മകനും
കുറ്റിപ്പുറം തവനൂര്‍ കടകശ്ശേരി പടിക്കല്‍ വീട്ടില്‍ മുരളീദാസ് പടിക്കലിന്റെ മകള്‍ ഡോ. ധനുഷ പടിക്കലാണ്(26) മരിച്ച മലയാളി യുവതി. ബെംഗളൂരുവില്‍ ദന്തഡോക്ടറാണ് ഡോ. ധനുഷ പടിക്കല്‍. അപകടത്തില്‍ മരിച്ച ഡോ. സി. ബിന്ദുവും ഡോ. ധനുഷ പടിക്കലും ബെംഗളൂരുവിലെ ഡെന്റല്‍ കോളേജില്‍ സഹപാഠികളായിരുന്നു. ഇവരും മറ്റുസുഹൃത്തുക്കളും ചേര്‍ന്ന് കോറമംഗലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.

അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നത് ഡിഎംകെ നേതാവും ഹൊസൂര്‍ എംഎല്‍എയുടെ മകനായ കരുണാ സാഗറായിരുന്നു. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി ബെംഗളൂരുവില്‍ വ്യാവസായ സ്ഥാപനം നടത്തുകയായിരുന്ന സാഗറിന് കാറുകളോടും ഓട്ടോമൊബൈല്‍ മേഖലയോടും വലിയ താല്പര്യമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. ഡ്യൂക്കാട്ടി, ഹയാബുസ, ബെന്‍സ് ഉള്‍പ്പെടെ നിരവധി ആഡംബര ബൈക്കുകളും കാറുകളും ഓടിക്കുന്ന ചിത്രങ്ങള്‍ സാഗറിന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സഞ്ചരിച്ചത് ഔഡി കാറില്‍, ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല, എയര്‍ ബാഗ് പ്രവര്‍ത്തിച്ചില്ലെന്ന് പോലീസ്
ഔഡി ക്യൂ3 കാറിലാണ് ഏഴ് പേര് സഞ്ചരിച്ചിരുന്നത്. അഞ്ച് സീറ്റുള്ള കാറില്‍ ഏഴ് പേര് ഇരുന്നുവെന്നാണ് പോലീസ് പറയുന്നത്. കപ്പാസിറ്റിക്ക് പുറത്തുള്ള ആളുകള്‍ കയറിയതിനാല്‍ തന്നെ ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന സാഗര്‍ ഒഴികെയുള്ള ആരും സീറ്റ് ബെല്‍റ്റും ധരിച്ചിരുന്നില്ല. മുന്നിലുള്ള സീറ്റില്‍ ഡോ. ബിന്ദുവും ഡോ.ധനുഷയുമാണുണ്ടായിരുന്നത്. അസൗകര്യപ്രദമായാണ് എല്ലാവരും ഇരുന്നതെന്ന് ആദ്യ കാഴ്ചയില്‍തന്നെ മനസ്സിലായെന്നാണ് ട്രാഫിക് പോലീസ് പറഞ്ഞത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതിയിലാണ് കാര്‍ സഞ്ചരിച്ചതെന്നാണ് കരുതുന്നതെന്നാണ് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷം പ്രതികരിച്ചത്. അപകടത്തില്‍ എയര്‍ ബാഗ് തുറന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. റോഡ് വിജനമായിരുന്നു, അമിതവേഗത കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
നിയന്ത്രണം വിട്ട കാര്‍ സൈഡിലെ നടപ്പാതയിലേക്ക് ഇരച്ചുകയറുകയായിരുന്നു. നടപ്പാതയ്ക്ക് സമീപത്തെ ഇരുമ്പ് കൈവരിയും തകര്‍ത്ത് കാര്‍ അടുത്തുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മതിലിലേക്ക് ചെന്നിടിച്ചു. മതില് തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പിന്നിലേക്ക് ബൗണ്‍സ് ചെയ്തുവന്ന കാര്‍ അഞ്ച്-ആറ് അടിയോളം നീങ്ങി. കാറിന്റെ ഭാഗങ്ങള്‍ വേര്‍പെട്ടു. പിന്നിലിരുന്നവര്‍ പുറത്തേക്ക് തെറിക്കുകയായിരുന്നു. എര്‍ത്ത് മൂവര്‍ ഉപയോഗിച്ചാണ് മതിലിലേക്ക് തകര്‍ന്നുവീണ കാറിനെ ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നീക്കിയത്.
'സ്ഫോടനം പോലെയൊരു ശബ്ദം, പേടിയാണ് ആ കാഴ്ച ഓര്‍ക്കുമ്പോള്‍'
കോറമംഗലയിലെ പ്രദേശവാസികള്‍ക്ക് അതിവേഗത്തില്‍ പോവുന്ന കാറുകളുടേയും ബൈക്കുകളുടേയും കാഴ്ച അപരിചിതമല്ല. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടം വിചിത്രമായ സംഭവമാണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടസ്ഥലം പുകയില്‍ മുങ്ങിപ്പോയതിനാല്‍ ഒരു വലിയ സ്ഫോടനമായി പലരും തെറ്റിദ്ധരിച്ചു. പുലര്‍ച്ചെ 1.45ഓടെ വലിയ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി നോക്കിയപ്പോള്‍ കട്ടിപ്പുകയില് മൂടിയ ഒരു കാര്‍ കണ്ടുവെന്നാണ് സമീപവാസിയായ പ്രഭു പറഞ്ഞത്. അപകടമാണെന്ന് മനസ്സിലായതോടെ പ്രദേശവാസികളും മറ്റ് വാഹനങ്ങളിലെത്തിയവരും അങ്ങോട്ട് കുതിച്ചു. കാറിലേക്ക് വെള്ളം കോരിയൊഴിച്ചതിനു ശേഷമാണ് അകത്തുള്ളവരെ പുറത്തേക്ക് എടുത്തത്. പിന്നിലെ സീറ്റിലിരുന്ന ഒരാള്‍ ചുമയ്ക്കുന്നതും രക്തം ഛര്‍ദ്ദിക്കുന്നതും കണ്ടു. കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. കാറിന്റെ ഡോര്‍ തകര്‍ന്നതിനാല്‍ പുറകിലിരിക്കുന്നവരെ പെട്ടന്ന് പുറത്തെടുക്കാനായില്ല. മുന്‍വശം മുഴുവനും ചോരയില്‍ മുങ്ങിയിരുന്നു. സീറ്റില്‍ നിന്ന് തെറിച്ച് വിന്‍ഡ്ഷീല്‍ഡില്‍ ചേര്‍ന്ന് ഇടിച്ചുനിന്ന നിലയിലായിരുന്നു ഒരു പെണ്‍കുട്ടി. ആ കാഴ്ച ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു. പ്രഭു പറഞ്ഞു.

അഡുഗോഡി ട്രാഫിക് പോലീസ് ആണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. പോലീസ് എത്തി ജീവനുണ്ടായിരുന്ന ആളെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടിരുന്നു.
കുറ്റിപ്പുറം തവനൂര്‍ കടകശ്ശേരി പടിക്കല്‍ വീട്ടില്‍ മുരളീദാസ് പടിക്കലിന്റെ മകള്‍ ഡോ. ധനുഷ പടിക്കല്‍(26) എംഎല്‍എ വൈ. പ്രകാശിന്റെ മകന് കരുണ സാഗര്‍ പ്രകാശ് (28), ഭാര്യ ഡോ. സി. ബിന്ദു (28), സുഹൃത്തുക്കളായ അക്ഷയ് ഗോയല്‍ (24), ഹുബ്ബള്ളി സ്വദേശി രോഹിത് ലാഡ്വ (23), ഹരിയാണ സ്വദേശി ഉത്സവ് (25), മഹാരാഷ്ട്ര സ്വദേശി യഷിത ബിശ്വാസ് (21) എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍. കോറമംഗലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവര്‍ മദ്യലഹരിയിലായിരുന്നോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..