ലഖ്‌നൗ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസനനേട്ടങ്ങളുടെ പരസ്യംകണ്ട് ഞെട്ടി തൃണമൂല്‍ കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിനെ മാറ്റിമറിച്ച വികസനങ്ങളുടെ പട്ടികയില്‍ കൊല്‍ക്കത്തയിലെ മേല്‍പ്പാലവും ഉള്‍പ്പെട്ടതോടെയാണ് ബംഗാള്‍ സര്‍ക്കാരും തൃണമൂലും ഞെട്ടിയത്. അതേസമയം, പിഴവ് ഏറ്റെടുത്ത് പരസ്യം പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്സ്പ്രസ് ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലാണ് ബംഗാളിലെ മേല്‍പ്പാലവും ഉള്‍പ്പെട്ടത്. രാജ്യത്തിന്റെ വികസനത്തില്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നായ യുപിയെ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. 

നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ നിറത്തിലുള്ള ടാക്‌സിയും കണ്ടതോടെയാണ് ചിത്രത്തില്‍ കാണുന്ന പാലം സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ നിര്‍മിച്ച മാ ഫ്‌ളൈ ഓവര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരസ്യം വൈറലായി.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബി.ജെ.പിയെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ഉത്തര്‍പ്രദേശിലെ വികസനമെന്നാല്‍ മറ്റ് സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രം മോഷ്ടിക്കുന്നതാണെന്ന് തെളിഞ്ഞുവെന്ന് തൃണമൂല്‍ എം.പിയും മമതയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്ത് പാര്‍ട്ടിയെ രക്ഷിക്കാന്‍ മോദിക്ക് കഴിയുന്നില്ലെന്നാണ് ബിജെപിയില്‍ ചേര്‍ന്ന ശേഷം തൃണമൂലിലേക്ക് മടങ്ങിയ മുകുല്‍ റോയ് പരിഹസിച്ചത്.

തെറ്റായ ചിത്രമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്നും ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഡിജിറ്റല്‍ എഡിഷനുകളില്‍ നിന്ന് ചിത്രം പിന്‍വലിക്കുന്നുവെന്നും ഇന്ത്യന്‍ എക്‌സ്‌പ്രെസ് ട്വീറ്റ് ചെയ്തു.

Content Highlights: Kolkata`s flyover included in Yogi Adityanath`s development ad