കോണ്ട്രോസ്റ്റീരിയം പർപ്യൂരിയം | Photo:twitter.com/FOX29, wikipedia.org
കൊല്‍ക്കത്ത: സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് ബാധ ലോകത്തിലാദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. കൊല്‍ക്കത്ത സ്വദേശിയായ 61-കാരനാണ് ഫംഗസ്ബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ സസ്യങ്ങളിലെ രോഗബാധ മനുഷ്യരിലേക്കും പകരാനുള്ള സാധ്യതകളിലേക്കാണ് ഗവേഷകര്‍ വിരല്‍ചൂണ്ടുന്നത്.
കുമിള്‍ ശാസ്ത്രജ്ഞനായ ഇദ്ദേഹം സസ്യങ്ങളുമായും കൂണുള്‍പ്പടെയുള്ള ഫംഗസ് വര്‍ഗങ്ങളുമായുള്ള ദീർഘകാല സമ്പര്‍ക്കം ഉള്ള ആളാണ്. ഇതാണ് രോഗബാധയുണ്ടാകാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. രണ്ടു വര്‍ഷത്തോളം നീണ്ട പഠനത്തിനു ശേഷമാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മൂന്നു മാസമായി വിട്ടുമാറാത്ത ക്ഷീണം, ചുമ, ശബ്ദതടസ്സം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹം ചികിത്സ തേടിയത്. എക്‌സ്‌റേയെടുത്തെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ സി.ടി സ്‌കാനില്‍ കഴുത്തിനു താഴെയായി ശ്വാസനാളത്തില്‍ മുഴ കണ്ടെത്തി. തുടര്‍ന്നുളള പരിശോധനയില്‍ 'കോണ്ട്രോസ്റ്റീരിയം പര്‍പ്യൂരിയം' എന്ന വിഭാഗത്തിൽപ്പെട്ട ഫംഗസ് ബാധയുണ്ടെന്ന് വ്യക്തമായി.
സാധാരണ ഗതിയില്‍ സസ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഈ ഫംഗസ് മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത് ലോകത്തിലെ തന്നെ ആദ്യ സംഭവമാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. സസ്യങ്ങളില്‍ കണ്ടുവരുന്ന ഫംഗസ് ആണ് കണ്ടെത്തിയ 'കോണ്ട്രോസ്റ്റീരിയം പര്‍പ്യൂരിയം'. ഇത് മനുഷ്യരിൽ മരണത്തിനുവരെ കാരണമാകാവുന്നതാണെന്നാണ് ഗവേഷകർ പറയുന്നത്.
ഫംഗസ് ബാധിതനായ ആളുടെ ശരീരത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തെന്നും പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടമായില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രോഗബാധ വീണ്ടുമുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് ഗവേഷകർ പറയുന്നത്.
Content Highlights: kolkata man infected by plant fungus worlds first case says researchers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..