കൊല്‍ക്കത്ത: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര/സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പൊതുസ്ഥലങ്ങളിലും മറ്റും മുഖാവരണം ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കര്‍ശനമായി മുന്നറിയിപ്പ് നല്‍കുമ്പോള്‍ മാസ്‌ക് വിതരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയും. 

ബംഗാളിലെ പ്രാദേശിക ബിജെപി പ്രവര്‍ത്തകരാണ് ജനങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്തത്. മോദിയുടേയും ബിജെപിയുടേയും പേര് അച്ചടിച്ച മാസ്‌കുകളാണ് വിതരണം ചെയ്തത്. 

എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല മാസ്‌ക് വിതരണം നടന്നതെന്ന് ബിജെപി മീഡിയ സെല്‍ പ്രതികരിച്ചു. ആരെങ്കിലും അത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വന്തം കഴിവിലാണെന്നും മീഡിയ സെല്‍ വക്താക്കള്‍ വിശദീകരിച്ചു.

അതേസമയം ബിജെപി പ്രവര്‍ത്തകര്‍ വിതരണം ചെയ്ത മാസ്‌കുകള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.  സര്‍ജിക്കല്‍ മാസ്‌കുകളോ എന്‍-95 മാസ്‌കുകളോ ആണ് വൈറസിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കേണ്ടതെന്നും ഇത്തരം തുണിപോലുള്ള വസ്തുക്കള്‍ കൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിച്ചാല്‍ ശരിയായ ഗുണം ലഭിക്കില്ലെന്നാണ് വിമര്‍ശനം. മാസ്‌കുകള്‍ക്ക് മുകളില്‍ മോഡി, ബിജെപി എന്നീ പേരുകള്‍ എഴുതിയതിനേയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. 

Content Highlights: Kolkata: BJP workers distribute Modi masks to fight coronavirus