ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ കോലംവരച്ച് പ്രതിഷേധിച്ചവര്‍ക്ക്‌ പാകിസ്താന്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ്. പാകിസ്താനി മാധ്യമക്കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇവര്‍ അംഗങ്ങളാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവരുടെ പാക് ബന്ധം സംബന്ധിച്ച് ഉയര്‍ത്തിക്കാട്ടിയ ഏക തെളിവ് ഇത് മാത്രമാണ്.

അസോസിയേഷന്‍ ഓഫ് സിറ്റിസണ്‍ ജേണലിസ്റ്റ് എന്ന പാക് ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ ഗായത്രി എന്ന സമരക്കാരി അംഗമാണ് എന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്ക് പാക്‌ ബന്ധമുണ്ടോയെന്ന കാര്യം കൃത്യമായി പരിശേധിക്കുമെന്ന് ചെന്നൈ കമ്മീഷണര്‍ എ.കെ. വിശ്വനാഥ് വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച ബസന്ത് നഗറില്‍ ആരംഭിച്ച പ്രതിഷേധം സംസ്ഥാനത്ത് ആകമാനം വ്യാപിച്ചിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, എംപി കനിമൊഴി എന്നിവരുടെ വീടുകള്‍ക്കു മുന്നിലും സിഎഎ, എന്‍ആര്‍സി എന്നിവയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി കോലങ്ങള്‍ പ്രത്യക്ഷപ്പെട്ടു.  ബസന്ത് നഗര്‍ ബസ് ഡിപ്പോയ്ക്ക് മുന്നില്‍ പ്രതിഷേധ കോലങ്ങള്‍ വരച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Kolam protest against CAA and NRC spreads in Tamil Nadu