ചെന്നൈ: കോടനാട് കേസില്‍ വഴിത്തിരിവ് ഉണ്ടാക്കിയേക്കാവുന്ന നടപടിയുമായി പോലീസ്. കേസിലെ ഒന്നാം പ്രതിയായ കനകരാജിന്റെ മരണം വീണ്ടും അന്വേഷിക്കാന്‍ സേലം പോലീസ് തീരുമാനിച്ചു. കനകരാജിന്റെ ഭാര്യയുടേയും സഹോദരങ്ങളുടേയും മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായപ്പോള്‍ വലിയ അന്വേഷണം ഒന്നുമില്ലാതെ അവസാനിപ്പിച്ച കേസാണ് പുതിയ സാഹചര്യത്തില്‍ വീണ്ടും അന്വേഷിക്കുന്നത്. അപകട മരണമായി എഴുതിത്തള്ളിയ കേസില്‍ ചില സംശയങ്ങള്‍ ഉണ്ടെന്ന് സേലം പോലീസ് പറയുന്നു. കനകരാജിന്റെ ഭാര്യ, സഹോദരങ്ങള്‍ എന്നിവരില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തി. മരണത്തില്‍ ദുരൂഹതയുണ്ട് എന്ന പഴയ നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചു നിന്നു. ഇതോടെ തുടരന്വേഷണ തീരുമാനത്തിലേക്ക് പോലീസ് എത്തിയെന്ന് എസ്.പി ശ്രീ അഭിനവ് വിശദീകരിച്ചു.

2017 ഏപ്രില്‍ 23 ന് രാത്രി കോടനാട് ബംഗ്ലാവില്‍ കൊള്ളയും കൊലയും നടന്നു. അതു കഴിഞ്ഞ് അഞ്ചാം ദിവസം ഏപ്രില്‍ 28ന് രാത്രി ഒന്‍പത് മണിയോടെ ചെന്നൈ - സേലം ഹൈവേയില്‍ ശാന്തനഗിരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കനകരാജ് മരണപ്പെട്ടു. ഫോണില്‍ ലഭിച്ച ഒരു സന്ദേശത്തെത്തുടര്‍ന്ന് പോലീസില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. രണ്ടാം പ്രതി മലയാളിയായ സയന്‍ സഞ്ചരിച്ച കാറും പിറ്റേ ദിവസം പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടു. സയന്‍ രക്ഷപ്പെട്ടെങ്കിലും ഭാര്യയും മകളും മരിച്ചു.

സംഭവങ്ങളുടെ പിന്നില്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് എന്ന് രണ്ടാം പ്രതി സയന്‍ വെളിപ്പെടുത്തിയതോടെ കോടനാട് കേസില്‍ തുടരന്വേഷണം നടക്കുകയാണ് ഇപ്പോള്‍. അതിന്റെ ഭാഗമാണ് കനകരാജിന്റെ മരണത്തിലെ അന്വേഷണവും.