ന്യൂഡല്‍ഹി:  ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ മന്ത്രിസഭാ ഉപസമിതിയില്‍ കെ എന്‍ ബാലഗോപാലിനെ കേന്ദ്ര ധനകാര്യ മന്ത്രാലയം ഉള്‍പ്പെടുത്തി. ഒഡിഷ ധനകാര്യമന്ത്രി നിരഞ്ജന്‍ പൂജാരിയാണ് മന്ത്രിസഭാ ഉപസമിതിയുടെ കണ്‍വീനര്‍. ഡല്‍ഹി, ഹരിയാണ ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ ഏഴ് അംഗങ്ങളാണ് മന്ത്രിസഭാ ഉപസമിതിയിലുള്ളത്. 

നികുതിദായക ശേഷിക്കനുസൃതമായ നികുതി ചുമത്തലും പ്രത്യേക കോമ്പോസിഷന്‍ വ്യവസ്ഥ പദ്ധതിയും സംബന്ധിച്ച് ജി എസ് ടി കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് ധനകാര്യ മന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്. പാന്‍ മസാല, ഗുട്ക, ഇഷ്ടിക കളങ്ങള്‍, മണല്‍ ഖനനം എന്നിവയ്ക്ക് ലെവി ചുമത്തുന്നതിന് നിലവിലെ നിയമത്തിലെ വ്യവസ്ഥകള്‍ പര്യപ്തമാണോയെന്ന കാര്യം മന്ത്രിസഭാ ഉപസമിതി പരിശോധിക്കും. ലെവി നിലവിലെ ജി എസ് ടി ഘടനയെ എങ്ങനെ ബാധിക്കുമെന്നതിനെ സംബന്ധിച്ചും സമിതി വിലയിരുത്തും.

ഈ മേഖലകളിലെ നികുതി ചോര്‍ച്ച തടയുന്നതിനുള്ള ശുപാര്‍ശയും സമിതി ജി എസ് ടി കൗസിലിന് കൈമാറും. ആറ് മാസത്തിനുള്ളില്‍ സമിതി ജി എസ് ടി കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കണമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പുറപ്പടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഒഡിഷ ധനകാര്യമന്ത്രി നിരഞ്ജന്‍ പൂജാരിക്കും, കെ എന്‍ ബാലഗോപാലിനും പുറമെ  ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഹരിയാണ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, മധ്യപ്രദേശ് ധനകാര്യമന്ത്രി ജഗദീഷ് ദേവഡ, ഉത്തര്‍പ്രദേശ് ധനകാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന, ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുബോധ് ഉനിയാല്‍ എന്നിവരാണ് മന്ത്രിസഭ ഉപസമിതിയിലെ അംഗങ്ങള്‍.

Content Highlight: KN Balagopai included in the new cabinet sub-committee of the GST Council