സുബ്ബലക്ഷ്മി കെ.കെയ്ക്കൊപ്പം. photo: subhalaxmi.dey.7/facebook
കൊല്‍ക്കത്ത: മലയാളിയായ ബോളിവുഡ് ഗായകന് കെ.കെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍നിന്ന് സിനിമാ ലോകവും ആരാധകരും ഇപ്പോഴും മുക്തരായിട്ടില്ല. മെയ് 31-ന് കൊല്‍ക്കത്തയിലെ ഒരു സംഗീത പരിപാടിക്കിടെ അസ്വസ്ഥതയുണ്ടായി മടങ്ങിയ കെ.കെ, പിന്നീട് താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. പരിപാടി നടന്ന സ്റ്റേജില്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന വിമര്‍ശനങ്ങള്‍ അന്നുതന്നെ ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ സംഭവദിവസം അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന ഗായിക സുബലക്ഷ്മി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
പരിപാടി നടന്ന കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തിന് അകത്തും പുറത്തും ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നുവെന്ന് സുബ്ബലക്ഷ്മി പറഞ്ഞു. അന്നു വൈകീട്ട് അഞ്ചരയോടെയാണ് കെ.കെ ഓഡിറ്റോറിയത്തിലേക്ക് എത്തുന്നത്. ആ സമയത്ത് ഓഡിറ്റോറിയത്തിന് പുറത്ത് വലിയ തിരക്കായിരുന്നു. സംഘാടകര്‍ ജനക്കൂട്ടത്തെ ഒഴിവാക്കിയില്ലെങ്കില്‍ കാറില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ആദ്യം കെ.കെ പറഞ്ഞിരുന്നതായും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുബ്ബലക്ഷ്മി പറഞ്ഞു.
'ഓഡിറ്റോറിയത്തിന് പിന്നിലെ ഗ്രീന്‍ റൂമിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. എന്നെ ആവിടേക്ക് കയറ്റിയിരുന്നു. കുറച്ചുസമയം കെ.കെയുമായി സംസാരിച്ചു. അവിടെവച്ച് ഞങ്ങള്‍ ഒരു സെല്‍ഫിയും എടുത്തു. ആ സമയത്തെല്ലാം ആദ്ദേഹത്തിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല', സുബ്ബലക്ഷ്മി പറഞ്ഞു.
പരിപാടിക്കിടെ സ്റ്റേജിലേക്കുള്ള വെളിച്ചം കുറയ്ക്കാന്‍ കെ.കെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസ്വസ്ഥതയുള്ളതായി കെ.കെ അപ്പോഴും പറഞ്ഞിരുന്നില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ പരിപാടി നിര്ത്തിവയ്ക്കുമായിരുന്നുവെന്നും സുബ്ബലക്ഷ്മി പറഞ്ഞു.
കെ.കെയുടെ രക്തധമനികളില്‍ വലിയ ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുഴഞ്ഞുവീണ സമയത്ത് സി.പി.ആര്. നല്കിയിരുന്നുവെങ്കില് കെ.കെയുടെ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.
കടപ്പാട് - Indiatoday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..