ഹൈദരാബാദ്: തെലങ്കാനയില്‍ വന്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ കിറ്റെക്‌സ് ഗ്രൂപ്പും തെലങ്കാന സര്‍ക്കാരും ഒപ്പുവച്ചു. തെലങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച കിറ്റെക്‌സ് 2400 കോടി നിക്ഷേപിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

വാറങ്കലിലെ കാകാതിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലും രംഗറെഡ്ഡി ജില്ലയിലെ സീതാറാംപുരിലുമാണ് നിക്ഷേപം നടത്തുന്നത്. ഇന്റഗ്രേറ്റഡ് ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനം മൂന്ന് മാസത്തിനകം തുടങ്ങുമെന്ന് കിറ്റെക്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം നല്‍കുന്നതാണ് ക്ലസ്റ്ററുകള്‍. 

തെലങ്കാന വ്യവസായമന്ത്രി കെ.ടി രാമറാവുവാണ് തന്നെ വിശ്വാസത്തിലെടുത്തതെന്ന് ധാരണാപത്രം ഒപ്പുവച്ചശേഷം കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സാബു എം ജേക്കബ് പറഞ്ഞു. തന്നില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് തെലങ്കാന വ്യവസായ മന്ത്രിയോട് ചോദിച്ചു. നിക്ഷേപമോ തൊഴിലവസരങ്ങളോ എന്ന് ആരാഞ്ഞു. തൊഴിലവസരങ്ങള്‍ ആണെന്ന് സെക്കന്‍ഡുകള്‍ക്കകം അദ്ദേഹം മറുപടി നല്‍കി. സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതത വ്യക്തമാക്കുന്നതായിരുന്നു മറുപടി. അതാണ് തന്നെ സ്വാധീനിച്ചത്.

1000 കോടിയുടെ നിക്ഷേപം തെലങ്കാനയില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 4000 പേര്‍ക്ക് തൊഴിലവസരം നല്‍കാനും. എന്നാല്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. 2400 കോടിയുടെ നിക്ഷേപമാണ് നടത്താന്‍ പോകുന്നത്. 22,000 പേര്‍ക്ക് തൊഴിലവസരം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കിറ്റെക്‌സ് കേരളം വിടുന്നുവെന്ന വാര്‍ത്ത പത്രത്തില്‍നിന്നാണ് അറിഞ്ഞതെന്ന് തെലങ്കാന വ്യവസായമന്ത്രി കെ.ടി രാമറാവു വ്യക്തമാക്കി. 3500 കോടിയുടെ നിക്ഷേപം മറ്റെവിടെയെങ്കിലും നടത്താന്‍ കിറ്റെക്‌സ് ഉദ്ദേശിക്കുന്നുവെന്ന് അറിഞ്ഞു. മാധ്യമ റിപ്പോര്‍ട്ടിന്റെ ഫോട്ടോ എടുത്ത് ഉടന്‍തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന് അയച്ചു. സാബു ജേക്കബുമായി ബന്ധപ്പെടാനും തനിക്ക് അദ്ദേഹവുമായി സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കാനും നിര്‍ദ്ദേശിച്ചു. ഒരു തിങ്കളാഴ്ച ആയിരുന്നു അത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ദേഹവുമായി ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായി പ്രതികരിക്കാന്‍ ആദ്യം അദ്ദേഹം തയ്യാറായില്ല. ചൊവ്വാഴ്ച അദ്ദേഹവുമായി കോണ്‍ഫറന്‍സ് കോള്‍ നടത്തി. തെലങ്കാനയുടെ പ്രത്യേകതകള്‍ വിവരിച്ചു.

വ്യവസായസൗഹൃദ അന്തരീക്ഷം അടക്കമുള്ളവ വിശദീകരിച്ചു. ഹൈദരാബാദിലേക്ക് വന്ന് കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, കോവിഡ് കാരണം നേരിട്ട് വരാനുള്ള ബുദ്ധിമുട്ട് അദ്ദേഹം അറിയിച്ചു. ഉടന്‍തന്നെ അദ്ദേഹത്തിനുവേണ്ടി പ്രത്യേക വിമാനം അയയ്ക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. പക്ഷെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് മാത്രമെ മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കാവൂ എന്ന് സാബു ജേക്കബിനോട് നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച രാവിലെ സാബു എത്തി. അദ്ദേഹം വാറങ്കല്‍ സന്ദര്‍ശിച്ചു. തനിക്ക് ലഭിച്ച സ്വീകരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം 1000 കോടിയുടെ നിക്ഷേപവും 4000 തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തു.

കഴിഞ്ഞ ജൂണില്‍ ആയിരുന്നു ഇത്. തുടര്‍ന്ന് വ്യവസായവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം കഠിനാധ്വാനം നടത്തി സാബുവിന് ആത്മവിശ്വാസം പകര്‍ന്നു. അടുത്ത ദിവസം രാവിലെ അദ്ദേഹം സീതാറാംപുര്‍ സന്ദര്‍ശിച്ചു. നിക്ഷേപത്തിന് തയ്യറാണെന്ന് അറിയിച്ചു. 2400 കോടിയുടെ നിക്ഷേപമാണ് അദ്ദേഹം തെലങ്കാനയിലെ രണ്ട് സ്ഥലങ്ങളില്‍ നടത്താന്‍ പോകുന്നത്. തെലങ്കാനയിലെ 22000 തദ്ദേശീയര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ 85 - 90 ശതമാനം സ്ത്രീ തൊഴിലാളികളാണ് ഉള്ളത് എന്നകാര്യം ശ്രദ്ധേയമാണ്. 18,000 പേര്‍ക്കാണ് പരോക്ഷമായി തൊഴിലവസരം ലഭിക്കാന്‍ പോകുന്നതെന്നും വ്യവസായമന്ത്രി പറഞ്ഞു.

തൊഴിലവസരം നല്‍കുമ്പോള്‍ പ്രദേശവാസികള്‍ക്ക് പ്രധാന്യം നല്‍കണമെന്ന് തെലങ്കാന സര്‍ക്കാര്‍ കിറ്റെക്‌സ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശീയര്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച ഉറപ്പം തെലങ്കാന വ്യവസായ മന്ത്രി കിറ്റെക്‌സിന് നല്‍കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.