Photo : NDTV
ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിയെ കാണാനുള്ള യാത്രക്കിടെ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഡല്‍ഹി രാജധാനി പാര്‍ക്കില്‍ താമസിക്കുന്ന വിപിന്‍ കുമാര്‍ (35) ആണ് മരിച്ചത്. ലോനിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു വിപിന്‍ കുമാര്‍. സ്ഫടികപ്പൊടിയും ലോഹപ്പൊടിയും കൂട്ടിച്ചേര്‍ത്ത് നിര്‍മിക്കുന്ന ചൈനീസ് മാഞ്ജ എന്നറിയപ്പെടുന്ന ചരട് കുടുങ്ങി പരിക്കേറ്റാണ് മരണം സംഭവിച്ചത്. വിപിന്‍ കുമാറിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു.
നൈലോണിനൊപ്പം സ്ഫടികപ്പൊടിയും ലോഹപ്പൊടിയും കൂടി ചേര്‍ത്ത് നിര്‍മിക്കുന്ന ചരട് കുടുങ്ങി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായതോടെ 2016-ല്‍ ഇത്തരം ചരടിന് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ ഇപ്പോഴും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഈ മാസം ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ മരണമാണിത്.
അപകടം നടന്നയുടനെ തന്നെ വിപിന്‍ കുമാറിന്റെ ഭാര്യയും അവിടെയെത്തിയ ആളുകളും ചേര്‍ന്ന് സമീപത്തുള്ള ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ചൈനീസ് മാഞ്ജയുടെ വിപണനം നിരോധിച്ചുള്ള നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവിന്‍ മേലുള്ള നടപടികളെ സംബന്ധിച്ച് അറിയിക്കണമെന്ന് ഓഗസ്റ്റ് ആദ്യം ഡല്‍ഹി ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ചരടിന്റെ വില്‍പന, വാങ്ങല്‍, സംഭരണം, ചരടുപയോഗിച്ചുള്ള പട്ടം പറത്തല്‍ എന്നിവ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരം നൂലിന്റെ ഉപയോഗം പക്ഷികള്‍ക്കും മനുഷ്യര്‍ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മൂന്നും നാലും വയസുള്ള രണ്ട് കുട്ടികള്‍ ചൈനീസ് മാഞ്ജ കുടുങ്ങി മരിക്കാനിടയായതിനെ തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ 2016-ല്‍ ഇത്തരം ചരട് നിരോധിച്ചത്. കാറില്‍ സഞ്ചരിക്കവെയായിരുന്നു കുട്ടികള്‍ക്ക് അപകടം സംഭവിച്ചത്. സ്ഫടികവും ലോഹവും പൊടിച്ച് ചേര്‍ത്ത് നിര്‍മിക്കുന്ന ചൈനീസ് മാഞ്ജയ്ക്ക് പട്ടം പറത്തലുകാര്‍ക്കിടയില്‍ വലിയ ഡിമാന്‍ഡാണ്. മറ്റു ചരടുകളേക്കാള്‍ ബലം കൂടുതലായതിനാല്‍ പൊട്ടിപ്പോകാനുള്ള സാധ്യത കുറവായതാണ് ഡിമാന്‍ഡിന് കാരണം.
Content Highlights: Kite String, Slit Throat, Biker, Delhi, Malayalam News


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..