സമരചരിത്രത്തിലെ പുതിയ പാഠമായി ചെങ്കോട്ട


പി.കെ.മണികണ്ഠന്‍

പ്രതിഷേധക്കാർ ചെങ്കോട്ടയിൽ തങ്ങളുടെ കൊടി ഉയർത്തുന്നു. Photo: PTI

ന്യൂഡല്‍ഹി: നാലു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഒന്നാം സ്വാതന്ത്ര്യസമരമുള്‍പ്പെടെ വിവിധ ജനമുന്നേറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ചെങ്കോട്ടയില്‍ ചൊവ്വാഴ്ച അരങ്ങേറിയത് ഇതുവരെയില്ലാത്ത പ്രതിഷേധക്കാഴ്ച.

ട്രാക്ടറുകളിലും വാഹനങ്ങളിലുമായി ഇരമ്പിയെത്തിയ കര്‍ഷകര്‍ കോട്ടയ്ക്കു മുകളില്‍ കയറി സിഖ് പതാകയും നാട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പ്രധാനമന്ത്രിമാര്‍ ഓരോ ഓഗസ്ത് 15-നും ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്നതാണ് രാജ്യം ഇതുവരെ കണ്ടിട്ടുള്ള ദൃശ്യം. പക്ഷെ, ഭരണവിരുദ്ധവികാരം തിളച്ച കര്‍ഷകരുടെ പ്രതിഷേധം ഈ പതിവ് തിരുത്തി.

രാജ്യം റിപ്പബ്ലിക് ആഘോഷിക്കുന്ന ദിനത്തില്‍ യുവാക്കള്‍ ചെങ്കോട്ടയിലെ കൊടിമരത്തില്‍ സിഖ് പതാക നാട്ടിയത് ഇനി ഇന്ത്യന്‍ സമരചരിത്രത്തിന്റെയും പാഠമാവും. സിഖ് പതാകയ്ക്കു പുറമെ, ഭാരതീയ കിസാന്‍ യൂണിയന്‍ (ഉഗ്രഹാന്‍), ഭാരതീയ കിസാന്‍ യൂണിയന്‍ (ടിക്കായത്ത്), അഖിലേന്ത്യ കിസാന്‍സഭ എന്നീ സംഘടനകളുടെ കൊടികളും ഏറെനേരം ചെങ്കോട്ടയില്‍ പാറി. പ്രതിഷേധച്ചൂടിനൊടുവില്‍ സമരക്കാര്‍ വൈകീട്ടോടെ കൊടികളഴിച്ചു മാറ്റി.

കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, ഭാരതീയ കിസാന്‍ യൂണിയന്റെ ഉഗ്രഹാന്‍, ടിക്കായത്ത് വിഭാഗങ്ങളുമാണ് സുരക്ഷാവലയങ്ങളെല്ലാം ഭേദിച്ച് ഉച്ചയോടെ ചെങ്കോട്ടയില്‍ ഇരച്ചെത്തിയത്. അര്‍ധസൈനികര്‍ കാവല്‍ നില്‍ക്കുന്ന പ്രവേശനകവാടവും കടന്ന് ഒരുസംഘം ചെങ്കോട്ടയ്ക്കു മുകളിലെത്തി. ട്രാക്ടറുകളിലെത്തിയവര്‍ ചെങ്കോട്ട വളപ്പില്‍ കൈകളില്‍ കൊടികളേന്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധിച്ചു നിന്നു.

ചെങ്കോട്ട കീഴടക്കിയതിന്റെ ആഹ്ലാദത്തില്‍ ചിലര്‍ നൃത്തം വെച്ചു. കോട്ടയ്ക്കു മുന്നിലെ പാര്‍ക്കിലും സമരക്കാര്‍ ഇരിപ്പുറപ്പിച്ചു. ഉച്ചയ്ക്കു രണ്ടു മണിയോടെ യുവാക്കളും സ്ത്രീകളും മുതിര്‍ന്നവരുമൊക്കെയായി ചെങ്കോട്ട ഒരു സമരകേന്ദ്രമായി മാറി.

ഇതിനിടെ, ഏതാനും പോലീസുകാരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും അല്‍പസമയത്തിനുള്ളില്‍ സ്ഥിതി ശാന്തമായി. ട്രാക്ടര്‍ റാലികള്‍ക്കു പോകാന്‍ വഴിയൊരുക്കി സിഖ് യോദ്ധാക്കളായ നിഹാങ്ങുകള്‍ കുതിരപ്പുറമേന്തി കാവലാളുകളെപ്പോലെ നിന്നു. പരാമ്പരാഗതമായി ആയുധധാരികളാണ് നിഹാങ്ങുകള്‍. പല തരത്തിലുള്ള വാളുകളേന്തി അവര്‍ ചെങ്കോട്ടയിലും പരിസരത്തും റോന്തു ചുറ്റുന്നുമുണ്ടായിരുന്നു.

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ ചെങ്കോട്ടയില്‍ കുത്തിയിരിക്കാനാണ് നേതാക്കളുടെ നിര്‍ദേശം.- പഞ്ചാബ് താണ്‍ തരണ്‍ സ്വദേശിയായ സത് വന്ത് സിങ് മാതൃഭൂമിയോടു പറഞ്ഞു. ചെങ്കോട്ടയിലെത്താന്‍ കഴിഞ്ഞ ദിവസം തന്നെ തങ്ങള്‍ തീരുമാനിച്ചിരുന്നതായും ഈ യുവാവ് വെളിപ്പെടുത്തി.

ഏതു സാഹചര്യവും നേരിടാനുറപ്പിച്ച പോലെയായിരുന്നു ചെങ്കോട്ടയില്‍ കണ്ട സമരക്കാരുടെ ഭാവപ്പകര്‍ച്ച. വൈകീട്ട് നാലോടെ പ്രവേശനകവാടത്തില്‍ നിന്നും ഒരു സംഘം തിരിഞ്ഞോടി വരുന്നതു കണ്ടപ്പോള്‍ മറ്റുള്ളവര്‍ തടഞ്ഞു. ആരും തിരിഞ്ഞോടരുത്. നാം എന്തിനാണ് ഭയക്കണം? - ഏതു സൈന്യത്തെയും ചെറുക്കാനുറപ്പിച്ച പോലെ അവര്‍ വടികള്‍ കൈകളിലുറപ്പിച്ചു പറഞ്ഞു. സമരചരിത്രത്തിലെ മുഹൂര്‍ത്തം മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ തിരക്കു കൂട്ടിയവരും കുറവായിരുന്നില്ല.

ഞങ്ങള്‍ക്കു ബലം പ്രയോഗിക്കാന്‍ പദ്ധതിയില്ല. ഞങ്ങള്‍ സമരക്കാരോടു സംസാരിച്ചിട്ടുണ്ട്.- പ്രദേശത്തു സുരക്ഷാചുമതലയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വൈകീട്ട് അഞ്ചു മണിയോടെ ഒരു ഭാഗം കര്‍ഷകര്‍ ട്രാക്ടറുകളുമായി പിന്മാറുന്നതും കാണാമായിരുന്നു. ഇതിനിടയില്‍, ചെങ്കോട്ടയില്‍ തമ്പടിച്ചവരോട് കര്‍ഷകനേതാക്കള്‍ സംസാരിച്ചു സമാധാനപ്പെടുത്താന്‍ തുടങ്ങി. ഏഴരയോടെ ട്രാക്ടര്‍ റാലി അവസാനിപ്പിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രസ്താവനയുമെത്തി. പക്ഷെ, ഏതു നിമിഷവും എന്തു സംഭവിക്കാമെന്ന ആശങ്ക ബാക്കിയാക്കി ഇരുള്‍ വീണു കിടക്കുകയായിരുന്നു ചെങ്കോട്ട.

content highlights: kisan tractor parade red fort

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section
Most Commented