നന്ദിഗ്രാം: ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്തില്‍ ആഹ്വാനം ചെയ്ത് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാലിന് പരിക്കേല്‍പ്പിച്ചത് ബിജെപിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കഴിയുന്നവര്‍ക്ക് വോട്ടുചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശമുന്നയിച്ചു. രാജ്യത്തെ മുഴുവന്‍ കൊള്ളയടിക്കുന്ന ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് കര്‍ഷകരോട് പറയാനാണ് നന്ദിഗ്രാമിലേക്ക് പോകുന്നതെന്ന് അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറും മഹാപഞ്ചായത്തില്‍ പങ്കെടുത്തു. നന്ദിഗ്രാമില്‍ ബിജെപി വിജയിച്ചാല്‍ കര്‍ഷകരുടെ കൃഷിഭൂമി അവര്‍ വിഭജിക്കുമെന്ന് മേധ പട്കര്‍ പറഞ്ഞു. നന്ദിഗ്രാം പോരാട്ട ഭൂമിയാണ്. ഉരുളക്കിഴങ്ങ് കൃഷിക്കാരെ പെപ്‌സി എങ്ങനെയാണ് കബളിപ്പിക്കുകയും പിന്നീട് അപകടത്തിലാക്കുകയും ചെയ്തതെന്ന് ഗുജറാത്തിലെ കര്‍ഷകരോട് ചോദിക്കണം. സുവേന്ദു അധികാരിയും കൈലാഷ് വിജയ്‌വര്‍ഗിയയും നിങ്ങളോട് എന്തു പറഞ്ഞാലും അംബാനിയും അദാനിയും എന്തെല്ലാം നേട്ടങ്ങളുണ്ടാക്കിയെന്ന് അവരോട് മറുചോദ്യം ചോദിക്കണംമെന്നും മേധാ പട്കര്‍ ആവശ്യപ്പെട്ടു.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്, സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് യുദ്ധ് വീര്‍ സിങ് എന്നിവര്‍ മഹാപഞ്ചായത്തുകളില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് കൊല്‍ക്കത്തയില്‍ എത്തിയത്. സിംഗൂരിലും അന്‍സോളിലും ഞായറാഴ്ച നടക്കുന്ന മഹാപഞ്ചായത്തുകളിലും ഇവര്‍ പങ്കെടുത്തേക്കും. ബിജെപിക്കെതിരെ രാജ്യവ്യാപക പ്രചാരണം സംഘടിപ്പിക്കാനാണ് 40 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.

Content Highlights: Kisan Mahapanchayat: Tikait asks Bengal to vote against BJP