ന്യൂഡല്‍ഹി: പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കിരണ്‍ ബേദിയെ നീക്കി. തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവെക്കുകയും സര്‍ക്കാര്‍ ഭൂരിപക്ഷം നിലനിര്‍ത്താനാവാതെ സര്‍ക്കാര്‍ ആടിയുലയുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഇക്കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ നാല് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് സ്ഥാനം രാജിവെച്ചത്. എ.നമശ്ശിവായം, ഇ. തീപ്പായ്ന്താന്‍ എന്നിവര്‍ ജനുവരി 25 നാണ് എം.എല്‍.എ. സ്ഥാനങ്ങള്‍ രാജിവെച്ചത്. ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവു രാജിവെക്കുന്നതായി തിങ്കളാഴ്ച വൈകുന്നേരം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Kiran Bedi removed as Lieutenant Governor of Puducherry