ന്യൂഡല്‍ഹി : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളിയെ മറികടക്കാന്‍ ധനസഹായം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ കെയറെസ് ഫണ്ടുവഴി സംഭാവന നല്‍കാനാണ് നിര്‍ദേശം.
കോവിഡ് 19നെതിരായ ഇന്ത്യയുടെ യുദ്ധത്തിന് സംഭാവന നല്‍കിക്കൊണ്ട് പിന്തുണയേകാന്‍ എല്ലാ മേഖലകളിലുമുള്ള ആളുകള്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആ മനോഭാവത്തെ മാനിച്ചാണ് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന് ഫണ്ട് രൂപീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യപൂര്‍ണമായ ഇന്ത്യയെ സൃഷ്ടിക്കുന്നതിന് വേണ്ടി ഇത് ദീര്‍ഘകാലം മുന്നോട്ട് പോകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
'എല്ലാ ഇന്ത്യക്കാരോടുമുള്ള എന്റെ അഭ്യര്ഥനയാണ് ഇത്. ദയവുചെയ്ത് പ്രധാനമന്ത്രി കെയറസ് ഫണ്ടിലേക്ക് സംഭാവന ചെയ്യണം. വരുംകാലങ്ങളില്‍ സമാനമായ സാഹചര്യങ്ങള്‍ ഉടലെടുക്കുകയാണെങ്കില്‍ അതും മറികടക്കാന്‍ ഈ ഫണ്ടിലൂടെ സാധിക്കും.'
ഏതൊരു പ്രശ്നത്തെയും ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം പൊതുജന പങ്കാളിത്തമാണ്. ഇക്കാര്യം വിശ്വസിക്കുകയും തന്റെ പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാക്കുകയും ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ കെയറെസ് ഫണ്ട് അതിനുള്ള മറ്റൊരു ഉദാഹരണമാണ്. ഇതുവഴി എത്ര ചെറിയ തുകയും സംഭാവനയായി നല്കാന് സാധിക്കും. അതുവഴി ഏതൊരാള്‍ക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയുമെന്നും ഫണ്ട് സംബന്ധിച്ച പത്രക്കുറിപ്പില്‍ പറയുന്നു.
Content Highlights:Kindly contribute to the PM-CARES Fund - PM Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..