അരവിന്ദ് കേജ്രിവാൾ | Photo: PTI
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായവും പെന്‍ഷനും പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. 'മുഖ്യമന്ത്രി കോവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴി കോവിഡ് മൂലം അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 50,000 രൂപ ധനസഹായം നല്‍കും. കൂടാതെ 2500 രൂപ പ്രതിമാസം പെന്‍ഷനും നല്‍കും.
ചെവ്വാഴ്ച ഓണ്‍ലൈനിലൂടെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഡല്‍ഹിയിലെ മിക്കവാറും എല്ലാ കുടുംബങ്ങളെയും കോവിഡ് ബാധിച്ചുവെന്നും കുട്ടികളടക്കം നിരവധി പേര്‍ അനാഥരായെന്നും പല കുടുംബങ്ങള്‍ക്കും വരുമാന മാര്‍ഗമായിരുന്ന അത്താണി തന്നെ നഷ്ടപ്പെട്ടുവെന്നും ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനാണ് പദ്ധതിയെന്നും അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി.
മാതാപിതാക്കള്‍ കോവിഡിന് ഇരയായി അനാഥമാക്കപ്പെട്ട കുട്ടികള്‍ക്ക് എല്ലാ മാസവും 2500 രൂപവീതം നല്‍കും. 25 വയസ് പ്രായമാകുന്നതുവരെ ഇത് തുടരും.
സമൂഹ്യ നീതി വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. അപേക്ഷ സമര്‍പ്പിക്കാനായി ബുധനാഴ്ച വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കും. കുടുംബങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. അല്ലാത്ത പക്ഷം സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ട് വീടുകളെത്തി അപേക്ഷ നല്‍കാന്‍ സഹായിക്കും.
ആധാറും മൊബൈല്‍ നമ്പറും ഉപയോഗിച്ചുവേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പ്രതിനിധി വീട്ടിലെത്തി രേഖകള്‍ പരിശോധിക്കുമെന്നും കേജ്രിവാള്‍ വ്യക്തമാക്കി.
Content Highlight; Kin of Covid-hit to get Rs 50,000, pension in Delhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..