അലിഗഢ്: ബിഹാറിലെ ഔറംഗാബാദില്‍ സഹപ്രവര്‍ത്തകരായ നാലു സൈനികരെ വെടിവെച്ചു കൊന്ന സിഐഎസ്എഫ് ജവാന് മാനസിക രോഗിയായിരുന്നുവെന്ന് ബന്ധുക്കള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ബല്‍ബീര്‍ സിങ്(32) ആണ് വ്യാഴാഴ്ച ജോലിക്കിടെ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നത്.
ജവാന് മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നതിന്റെ രേഖകള്‍ ബന്ധുക്കള്‍ പുറത്തുവിട്ടു. സിഐഎസ്എഫ് അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ബല്‍ബീര്‍ സിങിന് ആയുധങ്ങള്‍ നല്‍കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ബല്‍ബീറിന്റെ അമ്മ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ബിഹാറിലെ ഔറംഗബാദില്‍ നാല് സിഐഎസ്എഫ് ജവാന്മാരാണ് ബല്‍ബീര്‍ സിങിന്റെ തോക്കിനിരയായത്. ഔറംഗബാദ് തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ കാവല്‍ ജോലിയിലുണ്ടായിരുന്ന ബല്‍വീര്‍ സിങ് ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ തുടങ്ങുന്നവര്ക്കുനേരെ ഇന്‍സാസ് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
2008 ലാണ് ബല്‍ബീര്‍ സിഐഎസ്എഫില്‍ ചേര്‍ന്നത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് അസുഖം തുടങ്ങിയത്. 2011ല്‍ ഒരു കാര്‍ യാത്രയ്ക്കിടെ കാറിന്റെ ഡ്രൈവറെ ബല്‍ബീര്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. അന്ന് കാറില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന് ബല്‍ബീറിന്റെ ചെവിയില്‍ കടിച്ചാണ് ഡ്രൈവറെ രക്ഷിച്ചത്.
2013 ല്‍ ഭാര്യയെ സര്‍വീസ് റൈഫിള്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാനും ബല്‍ബീര്‍ ശ്രമിച്ചിരുന്നു. ഇതോടെ ബല്‍ബീറിന്റെ സഹോദരന് ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചിരുന്നു. ആയുധങ്ങള്‍ നല്‍കരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അധികൃതര്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ദാരുണ സംഭവം ഒഴിവാക്കാനാകുമായിരുന്നുവെന്നും മാതാവ് സരോജാ ദേവി പറഞ്ഞു.
എന്നാല്‍ ബല്‍ബീറിന്റെ അസുഖത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും സിഐഎസ്എഫ് രേഖകളിലില്ലെന്നും വീട്ടുകാര്‍ രോഗവിവരത്തെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്നും സിഐഎസ്എഫ് പിആര്‍ഒ മഞ്ജിത് സിങ് അറിയിച്ചു. സിഐഎസ്എഫ് ആസ്പത്രികളിലൊന്നും ബല്‍ബീര്‍ ചികിത്സ തേടിയിട്ടില്ല. എന്നാല്‍ 2010 ല്‍ അവധി കഴിഞ്ഞും തിരിച്ചെത്താത്തതിനാല്‍ ഒരിക്കല്‍ ബല്‍ബീര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെ ബല്‍ബീര്‍ സിങിനെ യോഗാ കോഴ്സില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അയച്ചിരുന്നു. സൈനികരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി സൈന്യം സ്വീകരിക്കുന്ന നിരവധി മാര്‍ഗങ്ങളിലൊന്നാണ് യോഗ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..