ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ആക്ടിവിസ്റ്റ് സദഫ് ജാഫറിനെ പോലീസ് മര്‍ദിച്ചതായി ആരോപണം. ഡിസംബര്‍ 19 ന് നടന്ന പ്രതിഷേധത്തിനിടയില്‍ ഫെയ്‌സ്ബുക്ക് ലൈവ് നല്‍കുന്നതിനിടയിലാണ് സദഫ് ജാഫറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 

'എന്റെ വയറ്റില്‍ അവര്‍ ചവിട്ടി, എന്നോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അവര്‍ എന്നെ അധിക്ഷേപിച്ചു. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ എന്റെ മുഖത്തടിച്ചു. തുടര്‍ന്ന് ഒരു പുരുഷ ഓഫീസറും. ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള ഓഫീസറാണ് എന്നാണ് അയാള്‍ സ്വയം അവകാശപ്പെട്ടത്. അയാള്‍ എന്റെ വയറ്റില്‍ ചവിട്ടുകയും ചെയ്തു.' ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ സദഫ് പറഞ്ഞു. 

 സദഫ് ജാഫറിനെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സംവിധായിക മീരാ നായര്‍ എന്നിവരുള്‍പ്പടെ നിരവധി പേര്‍ സദഫിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് സദഫ് ജയില്‍മോചിതയാകുന്നത്.

'ഒരു ഇരുണ്ട ഗുഹയ്ക്കകത്ത് കഴിയുന്നത് പോലെയാണ് തോന്നിയത്. എന്നെ കാണാന്‍ വന്നവരെയും തടങ്കലില്‍ ആക്കി. അതൊരു  ഇരുണ്ട ഗുഹയായിരുന്നു. എനിക്ക് ഭക്ഷണമോ പുതപ്പോ തന്നിരുന്നില്ല.' ജയില്‍വാസത്തെ കുറിച്ച് സദഫ് ഓര്‍ക്കുന്നു.  

Content Highlights: kicked in stomach asked to go to Pakistan - Sadaf Jafar