ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകള്‍ പ്രതികൂലമായി ഇടപെടുന്നത് വിലക്കി സുപ്രീംകോടതി. വിവാഹബന്ധം തകര്‍ക്കാനുള്ള ഖാപ് പഞ്ചായത്തിന്റെ ഏത് തരത്തിലുള്ള നീക്കവും നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

എന്‍ജിഒയായ ശക്തിവാഹിനിയുടെ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതിയുടെ നിര്‍ണായകവിധി. ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ നിലപാടെടുക്കണമെന്നും ദുഭിമാനക്കൊലകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് സംഘടന കോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം വിവാഹിതരാവുന്നതിനെ എതിര്‍ക്കാന്‍ ഖാപ് പഞ്ചായത്തിന് അധികാരമില്ലെന്ന് ജസ്റ്റിസ് സിജെഐ മിശ്രയുടെ ബെഞ്ച് ഉത്തരവിട്ടു.  

ഖാപ് പഞ്ചായത്തുകളുടെ ഇടപെടലുകള്‍ ഗൗരവമായി എടുക്കാത്തതിനും അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാത്തതിനും കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പരാതി സമര്‍പ്പിച്ച ശക്തിവാഹിനി, കോടതി നിയമിച്ച അമിക്കസ്‌ക്യൂരി, ഖാപ് പഞ്ചായത്തുകള്‍ എന്നിവരുടെ വാദം കേട്ടശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. 

സ്ത്രീകള്‍ക്കെതിരെ ഖാപ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും സ്ത്രീകളെ സംരക്ഷിക്കാനും പ്രത്യേക സംവിധാനം ഒരുക്കാനും കേന്ദ്രസര്‍ക്കാരിനോട്  കോടതി നിര്‍ദേശിച്ചിരുന്നു.പോലീസ് സേനയ്ക്ക് പലപ്പോഴും ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശം കോടതി നല്കിയത്. ആദ്യഘട്ടമെന്ന നിലയില്‍ ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും മൂന്ന് ജില്ലകളില്‍ നിരീക്ഷണം നടത്തുമെന്നും കോടതി അറിയിച്ചിരുന്നു. 

വടക്കേ ഇന്ത്യയുടെ ഗ്രാമീണമേഖലകളില്‍ സജീവമായ നാട്ടുകൂട്ടങ്ങളാണ് ഖാപ് പഞ്ചായത്തുകള്‍. 

content highlights:Khap Panchayat's interference to stop two adults from marrying each other 'absolutely illegal'- SC