ശ്രീനഗര്‍: ബുലന്ദ്ശഹറില്‍ എസ്‌ഐ സുബോധ് കുമാര്‍ സിങിനെതിരേ വെടിയുതിര്‍ത്തെന്ന് ആരോപിക്കപ്പെടുന്ന സൈനികന്‍ ജിത്തു ഫൗജിയെന്ന ജിതേന്ദ്ര മാലികിനെ പോലീസ് അറസ്റ്റു ചെയ്തു. അര്‍ധരാത്രിയിലായിരുന്നു അറസ്റ്റ്. ജമ്മുകശ്മീരിലെ  സോപോര്‍ പട്ടണത്തില്‍ വച്ച്‌ 22 രാഷ്ട്രീയ റൈഫിള്‍സാണ് ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് പോലീസിലെ പ്രത്യേക അന്വേഷണസംഘത്തിന് ജിതേന്ദ്രയെ കൈമാറി.

ഞായറാഴ്ച പുലര്‍ച്ചെ 12.50ന് പട്ടാളം ജിതേന്ദ്രമാലിക്കിനെ കൈമാറിയെന്നും തുടര്‍ന്ന്  അറസ്റ്റ് ചെയ്തുവെന്നും മീററ്റ് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യല്‍ നടന്നു വരികയാണ് ഇത് പൂര്‍ത്തിയായ ശേഷം ജിതേന്ദ്രയെ കോടതിക്കുമുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടേക്കും.

ശ്രീനഗറില്‍ രാഷ്ട്രീയ റൈഫിള്‍സിലെ ജവാനാണ് ജിതേന്ദ്ര. ബുലന്ദ്ശഹറില്‍  15 ദിവസത്തെ അവധിക്ക് വന്നതായിരുന്നു ജിതേന്ദ്ര. ആള്‍ക്കൂട്ട ആക്രമണം ഉണ്ടായപ്പോള്‍ നടന്ന വെടിവെപ്പിന്റെ വീഡിയോകളില്‍ നിന്നാണ് ജിതേന്ദ്രയുടെ പങ്ക് സംബന്ധിച്ച് സൂചന ലഭിച്ചത്‌. 

എന്നാല്‍ ജിതേന്ദ്ര മാലിക്ക് വെടിവച്ചതിനെ തുടര്‍ന്നാണ്‌ ഇന്‍സ്‌പെക്ടര്‍ മരിച്ചതെന്ന്‌ സ്ഥിരീകരിക്കാനായിട്ടില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

"അയാളെ കൊല്ലൂ, അയാളുടെ തോക്ക് കൈക്കലാക്കൂ" എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ആള്‍ക്കൂട്ടം  ഇന്‍സ്‌പെക്ടര്‍ സുബോധ് സിങിന് പിന്നാലെ പോകുന്ന വീഡിയോ ഇതിനോടകം തന്നെ പുറത്തായിട്ടുണ്ട്. കൂര്‍ത്ത ആയുധം കൊണ്ട് മുറിവേല്‍പിച്ച ശേഷം വെടിയുതിര്‍ത്താണ് സുബോധ് സിങിനെ കൊലപ്പെടുത്തിയത്‌.

content highlights: Key Suspect In Bulandshahr cop Killing Arrested