ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. ഋഷികേഷ് ദേവ്ദികര്‍ എന്നയാളെയാണ്  കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കതരാസില്‍നിന്ന് അറസ്റ്റ് ചെയ്തത്. 

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വസതിക്കു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് ഋഷികേശ്. 

ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം 2018 നവംബറില്‍ പോലീസ് സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തിലെ പതിനെട്ടാം പ്രതിയാണ് ഋഷികേശ്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ഋഷികേശെന്നും കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും എത്തിച്ചുനല്‍കിയത് ഇയാളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഋഷികേശിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണസംഘം പത്രക്കുറിപ്പില്‍ അറിയിച്ചു. 

content highlights: key accused in gauri lankesh murder case arrested in jharkhand