ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍  മലയാളികളുടെ അഭ്യര്‍ഥനാപ്രവാഹം. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം, പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മലയാളികള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. #DecommissionMullapperiyaDam, #SaveKerala തുടങ്ങിയ ഹാഷ് ടാഗുകളും അഭ്യര്‍ഥനകള്‍ക്കൊപ്പമുണ്ട്. 

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യം ഇതിനോടകം തന്നെ വിവിധഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച അണക്കെട്ടിന് ബലക്ഷയമുണ്ടെന്നും ജലനിരപ്പ് ഉയരുന്നത് തകര്‍ച്ചയ്ക്കു വഴിവെക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. 

content highlights: keralites demands decommissioning of mullaperiyar dam in mk stalin's facebook page