ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകരുടെ ഫീസ് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാലിന് ഇനി മുതല്‍ ഓരോ തവണ ഹാജരാകുന്നതിനും ഏഴര ലക്ഷം രൂപയാകും സംസ്ഥാന സര്‍ക്കാര്‍ ഫീസായി നല്‍കുക. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിന് അഞ്ചര ലക്ഷം രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് കൈമാറിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പാനലിലുള്ള പതിമൂന്ന് സീനിയര്‍ അഭിഭാഷകരുടെ ഫീസ് പുതുക്കി നിശ്ചയിച്ച് സംസ്ഥാന നിയമ വകുപ്പ് ഉത്തരവിറക്കിയത്. അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍, മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ എന്നിവര്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഫീസ് സീനിയര്‍ അഭിഭാഷകന്‍ പരംജീത്ത് സിംഗ് പട്വാലിയക്കാണ്. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ പട്വാലിയ ഒരു തവണ ഹാജരകുമ്പോള്‍ മൂന്നര ലക്ഷം രൂപ ഫീസ് ആയി സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ്ക്ക് 220000ഉം മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവലിനു 165000 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി വി ഗിരിക്ക് 125000 രൂപ, നാഗാലാന്‍ഡ് അഡ്വക്കേറ്റ് ജനറല്‍ ആയ കെ എന്‍ ബാലഗോപാലിന് 110000 രൂപ എന്നിങ്ങനെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
സീനിയര്‍ അഭിഭാഷകരായ ജയ്ദീപ് ഗുപ്തയ്ക്കും പല്ലവ് സിസോദിയക്കും ഓരോ തവണ ഹാജരാകുമ്പോഴും ഫീസായി 110000 രൂപ ലഭിക്കും. സീനിയര്‍ അഭിഭാഷകര്‍ ആയ പി വി സുരേന്ദ്ര നാഥ്, പി എന്‍ രവീന്ദ്രന്‍, സി എന്‍ ശ്രീകുമാര്‍, സന്തോഷ് പോള്‍ എന്നിവര്‍ക്ക് 88000 രൂപ ആണ് ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്.
സീനിയര്‍ അഭിഭാഷകരായ ഹരീഷ് സാല്‍വെ, മുകുള്‍ റോത്തഗി എന്നിവരുടെ ഫീസ് സംബന്ധിച്ച് പട്ടികയില്‍ പരാമര്‍ശിച്ചിട്ടില്ല. പല സീനിയര്‍ അഭിഭാഷകര്‍ക്കും സ്വകാര്യ കേസ്സുകളില്‍ ഹാജരാകുമ്പോള്‍ ലഭിക്കുന്ന ഫീസിന്റെ പകുതിയില്‍ താഴെ മാത്രമേ സര്‍ക്കാര്‍ കേസ്സുകളില്‍ ഹാജര്‍ ആകുമ്പോള്‍ ലഭിക്കുകയുള്ളു. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന കേസുകളുടെ എണ്ണം കൂടുതലായതിനാലാണ് ഫീസില്‍ ഇളവ് വരുത്താന്‍ സീനിയര്‍ അഭിഭാഷകര്‍ തയ്യാറാകുന്നത്.
സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഫീസ് സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് മാത്രമാണ്. വിവിധ ഹൈകോടതികളില്‍ ഹാജരാകുമ്പോള്‍ ഇതിലും കൂടുതല്‍ ഫീസ് സീനിയര്‍ അഭിഭാഷകര്‍ക്ക് ആവശ്യപ്പെടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: Kerala will pay Rs 7.5 lakh as fee to Attorney General KK Venugopal