നേപ്പാളിൽ മരിച്ച രഞ്ജിത്-ഇന്ദു, പ്രവീൺ-ശരണ്യ ദമ്പതിമാർ.
തിരുവനന്തപുരം/ന്യൂഡല്‍ഹി: നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക വഹിക്കും. കാഠ്മണ്ഡുവില്‍നിന്ന് വ്യാഴാഴ്ച രാവിലെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കും. കോഴിക്കോട് സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച മാത്രമേ കേരളത്തില്‍ എത്തിക്കൂവെന്നാണ് ഏറ്റവും പുതിയ വിവരം.
വ്യാഴാഴ്ച ഡല്‍ഹിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച തന്നെ കേരളത്തിലേക്ക് എത്തിക്കും.
മൃതദേഹങ്ങള്‍ നേപ്പാളില്‍നിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാനാകില്ലെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി ആരോടും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ചെലവ് വഹിക്കണമെന്ന് മരിച്ചവരുടെ ബന്ധുക്കളാരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ചെലവ് വഹിക്കുന്നത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് കേന്ദ്രത്തിന് ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെല്ലാം ബുധനാഴ്ച തന്നെ ഡല്‍ഹി വഴി നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ എട്ട് പേരെ ദമനിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Content Highlights: kerala tourists died in nepal; deadbodies will arrive on thursday, norka roots will carry all expenses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..