കൊച്ചി (പ്രതീകാത്മകചിത്രം) | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. ബിഹാറാണ് സൂചികയില്‍ ഏറ്റവും പിന്നില്‍. സാമൂഹികവും, സാമ്പത്തികവും, പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സുസ്ഥിര വികസന സൂചിക തയ്യാറാക്കുന്നത്.
75 സ്‌കോര്‍ നേടിയാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 74 സ്‌കോര്‍ നേടിയ ഹിമാചല്‍ പ്രദേശും തമിഴ്‌നാടും രണ്ടാം സ്ഥാനം നിലനിര്‍ത്തി. ബിഹാര്‍, ജാര്‍ഖണ്ഡ്, അസം എന്നിവയാണ് സൂചിക പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങള്‍.
നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് വ്യാഴാഴ്ച സുസ്ഥിര വികസന സൂചിക പുറത്തിറക്കിയത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ 79 സ്‌കോര്‍ നേടി ചണ്ഡീഗഢാണ് ഒന്നാം സ്ഥാനത്തെത്തിയത്. 68 സ്‌കോര്‍ നേടിയ ഡല്‍ഹി രണ്ടാം സ്ഥാനം നേടി. മിസോറം, ഹരിയാണ, ഉത്തരാഖണ്ഡ് എന്നിവയാണ് 2020 - 21 ല്‍ സ്‌കോര്‍ കാര്യമായി ഉയര്‍ത്തിയ സംസ്ഥാനങ്ങള്‍.
2019 ല്‍ പത്ത് സംസ്ഥാനങ്ങളാണ് 65 മുതല്‍ 99 വരെ സ്‌കോര്‍നേടി മുന്‍നിരയില്‍ നിന്നത്. എന്നാല്‍ 2020 - 21 ല്‍ മുന്‍നിരയിലുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം 12 ആയി വര്‍ധിച്ചു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, മിസോറം, പഞ്ചാബ്, ഹരിയാണ, ഗ്രിപുര, ഡല്‍ഹി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ മുന്‍നിരയിലെത്തി. രാജ്യത്തിന്റെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ആറ് പോയിന്റ് വര്‍ധന രേഖപ്പെടുത്തി. 2019 ല്‍ 60 പോയിന്റ് ആയിരുന്നത് 2021 ല്‍ 66 ലേക്ക് എത്തി.
2018 മുതലാണ് സുസ്ഥിര വികസന സൂചിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വിലയിരുത്താനുള്ള പ്രാഥമിക സൂചികയാണിത്. രാജ്യാന്തര നിലാവാരത്തിലേക്ക് എത്തുന്നതില്‍ രാജ്യം നേടുന്ന പുരോഗതി വിലയിരുത്തുന്ന സൂചിക ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെയാണ് തയ്യാറാക്കുന്നത്.
Content Highlights: Kerala tops again in NITI Aayog sustainable development index
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..