ന്യൂഡല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെയാണ് പരീക്ഷ നടത്താന്‍ കേരളം തീരുമാനിച്ചിരുന്നത്. 

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ പ്ലസ്ടു പരീക്ഷാ ഫലത്തെ ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് കോടതിയെ അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷാ 7ഫലം വൈകിയാലും അത് വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍ പ്ലസ്ടു ക്ലാസിലെ പഠനം ആരംഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനം പ്രാപ്യമല്ലാത്തതിനാല്‍ പരീക്ഷ നടത്തുന്നത് ശരിയല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

എന്നാല്‍ പതിനൊന്നാം ക്ലാസ്സിലെ പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടില്ലെന്ന് കോടതി വ്യക്തമാക്കി. കോവിഡ് സാഹചര്യം മെച്ചപ്പെട്ട ശേഷം പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതില്‍ തെറ്റില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വിദ്യാഥികള്‍ക്ക് ആവശ്യമായ സമയം നല്‍കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ആന്ധ്ര പ്രദേശിനോട് സുപ്രീം കോടതി കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. ഡെല്‍റ്റ പ്ലസ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്ത് മാത്രമേ പ്ലസ്ടു പരീക്ഷ നടത്താന്‍ അനുവദിക്കുകയെന്നും കോടതി വ്യക്തമാക്കി.

Content Highlights: Kerala Plus One Exam 2021: SC refers case to Kerala HC