ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാരോപിച്ച് മലയാളി മാധ്യമപ്രവര്‍ത്തകനടക്കം മൂന്ന് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ തിങ്കളാഴ്ചയാണ് ഇവരെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. അതിക് ഉര്‍ റഹ്മാന്‍, സിദ്ദിഖ് കാപ്പാന്‍, മസൂദ് അഹമ്മദ്, ആലം എന്നിവരാണ് അറസ്റ്റിലായത്.

ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ യാത്രപുറപ്പെട്ടതാണ് നാല് പേരും. യാത്രാമധ്യേ ടോള്‍ പ്ലാസയിൽ വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ചിലര്‍ ഹാഥ്‌റസിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ടോള്‍ബൂത്തില്‍ പ്ലാസയിൽ വെച്ച് ഇവരെ തടഞ്ഞതെന്നാണ് പോലീസ് ഭാഷ്യം.

ലാപ്‌ടോപ്, ചില കടലാസുകള്‍, ഫോണ്‍ എന്നിവ ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കാന്‍ സാധ്യതയുള്ളവയാണ് ഇവരില്‍ നിന്ന് പിടിച്ചടുത്തതെന്നും പോലീസ് ആരോപിക്കുന്നു.

മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി ഹാഥ്‌റസില്‍ പോയിരുന്നുവെന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി യൂണിറ്റിന്റെ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട ഒരു വിവരവും പോലീസ് നല്‍കുന്നില്ലെന്നും അദ്ദേഹത്തെ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട്  യൂണിയൻ ഡൽഹി ഘടകം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു.

content highlights: Kerala Journalist and 3 Others Arrested By UP Police On the Way To Hath