Kerala High court | Photo: Mathrubhumi
ന്യൂഡല്‍ഹി: കേന്ദ്ര നിയമ മന്ത്രാലയം മടക്കിയ കേരള ഹൈക്കോടതിയിലെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ഫയലുകളില്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം നീളും. അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജീത എന്നിവരെ ജഡ്ജിമാരാക്കുന്നതിനുള്ള ശുപാര്‍ശ സംബന്ധിച്ച് കേരള ഹൈക്കോടതിയോട് വിവരങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചു.
ഇരുവരെയും സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം ചൂണ്ടിക്കാട്ടിയ ചില വിഷയങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം. ഹൈക്കോടതിയില്‍ നിന്നുള്ള മറുപടി ലഭിച്ച ശേഷമേ ഇരുവരെയും സംബന്ധിച്ച ശുപാര്‍ശയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളുവെന്ന് ഉന്നത വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജീത എന്നിവരെ സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം മടക്കിയ ഫയല്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം പരിഗണിച്ചിരുന്നു. കേന്ദ്ര നിയമ മന്ത്രാലയം ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ മറുപടി നല്കണമെങ്കില് കൂടുതല്‍ വസ്തുതകള്‍ വേണമെന്ന വിലയിരുത്തലിലാണ് കൊളീജിയം എത്തിയത്. തുടര്‍ന്നാണ് ചില കാര്യങ്ങളില്‍ വിവരം കൈമാറാന്‍ സുപ്രീം കോടതി കേരള ഹൈക്കോടതിയോട് നിര്‍ദേശിച്ചത്.
കേന്ദ്രം ഉന്നയിച്ച വിഷയങ്ങളില്‍ ചിലത് വ്യക്തിപരമായ വിശദീകരണം ആവശ്യമായതാണ്. അതിനാല്‍കൂടിയാണ് ഹൈക്കോടതിയോട് വിവരങ്ങള്‍ ശേഖരിച്ച് കൈമാറാന്‍ നിര്‍ദേശിച്ചതെന്നാണ് സൂചന. ഇരുവരെയും സംബന്ധിച്ച് കേന്ദ്രം മടക്കിയ ഫയലില്‍ തീരുമാനം നീട്ടിവെക്കുക മാത്രമാണ് ചെയ്തതെന്നും ഹൈക്കോടതിയില്‍ നിന്ന് വിവരം ലഭിച്ച ശേഷം മാത്രമേ ശുപാര്‍ശ വീണ്ടും കേന്ദ്രത്തിന് കൈമാറണമോ എന്നതില്‍ തീരുമാനം ഉണ്ടാകുകയുള്ളൂ എന്നും ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Content Highlights: Kerala High Court judge appointment: collegium's decision will be delayed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..