ന്യൂഡല്‍ഹി: വാക്‌സിന്‍ വഴിയോ രോഗം വന്നതുമൂലമോ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവ് കേരളത്തില്‍. നാലാമത് ദേശീയ സിറോ സര്‍വേയിലെ കണ്ടെത്തലുകള്‍ അനുസരിച്ചാണിത്. കേരളത്തില്‍ 44.4 ശതമാനം പേര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ പ്രതിരോധശേഷി ലഭിച്ചിട്ടുള്ളത്. 

ജൂണ്‍ 14-നും ജൂലായ് ആറിനും ഇടയിലാണ് ഐ.സി.എം.ആര്‍.(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നാലാമത് ദേശീയ സിറോ സര്‍വേ നടത്തിയത്. 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായിരുന്നു സിറോ സര്‍വേ. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സിറോ പോസിറ്റീവ് ആയിട്ടുള്ളത്- 79 ശതമാനം. 11 സംസ്ഥാനങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത, കുറഞ്ഞത് മൂന്നില്‍ രണ്ടു ശതമാനം പേരും സിറോ പോസിറ്റീവ് ആയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തില്‍ വലിയൊരു ശതമാനം ആളുകള്‍ക്കും ഇനി രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കുറഞ്ഞ സിറോ പോസിറ്റിവ് ശതമാനം സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനയുടെ കാരണങ്ങളിലൊന്നും ഇതാണ്. 

കൂടുതല്‍ കേസുകള്‍ ദീര്‍ഘകാലം  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കുറഞ്ഞ രോഗവ്യാപന നിരക്കും സൂചിപ്പിക്കുന്നത് രോഗബാധ കണ്ടെത്തുന്നതില്‍ കേരളം മികച്ച പ്രകടനം നടത്തുന്നു എന്നതാണ്. രാജ്യത്ത് 26-പേരില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോള്‍, കേരളത്തില്‍ ഇത് അഞ്ചില്‍ ഒരാള്‍ക്കാണെന്ന് മുന്‍പ് നടന്ന സിറോ സര്‍വേകളില്‍ വ്യക്തമായിരുന്നു. 

കേരളത്തില്‍ 33 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിക്കപ്പെടുന്നു എന്ന കണക്കനുസരിച്ചാണെങ്കില്‍ സംസ്ഥാനത്തെ 1.6 കോടിയാളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാകാം. അതായത് 3.6 കോടി ജനസംഖ്യയുള്ള കേരളത്തിലെ 45 ശതമാനം പേരെയും കോവിഡ് ബാധിച്ചിട്ടുണ്ടാകാം.

സിറോ സര്‍വേ നടത്തിയ മറ്റ് സംസ്ഥാനങ്ങളിലെ സിറോ പോസിറ്റീവ് നിരക്ക്: 

രാജസ്ഥാൻ-76.2, ബിഹാർ-75.9, ഗുജറാത്ത്-75.3, ഛത്തീസ്ഗഢ്‌-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തർപ്രദേശ്-71, ആന്ധ്രപ്രദേശ്-70.2, കർണാടക-69.8, തമിഴ്‌നാട്-69.2, ഒഡിഷ-68.1, പഞ്ചാബ്-66.5, തെലങ്കാന-63.1, ജമ്മുകശ്മീർ-63, ഹിമാചൽപ്രദേശ്-62, ജാർഖണ്ഡ്-61.2, പശ്ചിമബംഗാൾ-60.9, ഹരിയാണ-60.1, മഹാരാഷ്ട്ര-58, അസം-50.3

ദേശീയതലത്തില്‍ നടത്തിയ സര്‍വേയുടെ തുടര്‍ച്ചയായി എല്ലാ സംസ്ഥാനങ്ങളും ഐ.സി.എം.ആറുമായി ആലോചിച്ച് ജില്ലാതല സര്‍വേകള്‍ നടത്തണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ദേശീയതലത്തില്‍ 67.6 ശതമാനം പേരില്‍ കോവിഡ്-19 ന്റെ ആന്റിബോഡി ഉള്ളതായി കഴിഞ്ഞയാഴ്ച ഐ.സി.എം.ആര്‍. വെളിപ്പെടുത്തിയിരുന്നു.

content highlights: kerala has least antibodies-sero survey