രൂപേഷ് | ഫയൽ ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസ്സുകള്‍ വിചാരണ കോടതികള്‍ റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസ്സുകള്‍ ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേരളം നിലപാടറിയിച്ചത്. സുപ്രീം കോടതിയില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ വിചാരണ കോടതികളെ തീരുമാനം എടുക്കുന്നത് വിലക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
മക്ഡൊണാള്‍ഡ്, കെ എഫ് സി വില്‍പ്പന കേന്ദ്രങ്ങള്‍ ആക്രമിച്ച കേസില്‍ രൂപേഷിനെതിരെ ചുമത്തിയിരുന്ന യുഎപിഎ കുറ്റം കഴിഞ്ഞ ദിവസം പാലക്കാട്ടെ കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വളയം, കുറ്റ്യാടി കേസ്സുകളില്‍ പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടി. ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ ആ വിധിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസ്സുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രൂപേഷ് മറ്റ് ചില വിചാരണ കോടതികളിളിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013 ല്‍ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014 ല്‍ വളയം പോലീസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് കേരള ഹൈക്കോടതി രൂപേഷിന്റെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചത്. രാജ്യദ്രോഹ കേസില്‍ പ്രോസിക്യുഷന് അനുമതി ഇല്ലാതെ വിചാരണ കോടതിക്ക് നടപടി എടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. യു.എ.പി.എ കേസില്‍ പ്രോസിക്യുഷന് അനുമതി സമയബന്ധിതമായി നല്‍കാത്തതും വിടുതല്‍ ഹര്‍ജി അംഗീകരിക്കാന്‍ കാരണമായി ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ യു.എ.പി.എ നിയമം അനുസരിച്ച് പ്രോസിക്യുഷന് അനുമതി സമയ ബന്ധിതമായി ലഭിക്കണം എന്നത് നിര്‍ദേശക സ്വഭാവം ഉള്ള വ്യവസ്ഥയാണെന്നും, അത് നിര്‍ബന്ധമല്ലെന്നുമാണ് കേരളത്തിന്റെ വാദം. പ്രോസിക്യൂഷന് അനുമതി ലഭിക്കാന്‍ വൈകിയത് ഭരണപരമായ കാരണങ്ങളാല്‍ ആണെന്നും അത് കേസിന്റെ മെറിറ്റിനെ ബാധിക്കുന്നതല്ലെന്നും കേരളം നേരത്തെ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ കൂടുതല്‍ യു.എ.പി.എ കേസ്സുകള്‍ റദ്ദാക്കാന്‍ രൂപേഷ് ശ്രമിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകന് നിഷേ രാജന് ഷൊങ്കര്‍ കേരളത്തിന്റെ പുതിയ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
content highlights: Kerala govt stand on Maoist Roopesh UAPA Cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..