ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വിഷയത്തില്‍ നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചന പരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹര്‍ജിയാണ് കേരളം സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. പിബി യോഗത്തിനായി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ നിയമ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് സൂട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. 

ജനുവരി 23ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്‌.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി പ്രകാശ് മുഖേനെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

ഭരണഘടനനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാര്‍ലമെന്റ് പാസാക്കിയ നിയമമെന്ന് കേരളത്തിന്റെ ഹര്‍ജിയില്‍ പറയുന്നു. മുസ്ലീം ജനവിഭാഗങ്ങളോട് ഒരു വിവേചനം നിയമത്തിലൂടെ ഉണ്ടാകുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. 

തിങ്കളാഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി രജിസ്ട്രിയില്‍ ഫയല്‍ ചെയ്തത്. തുടര്‍ന്ന് അന്ന് വൈകിട്ടോടെ സാങ്കേതിക പിഴവുകള്‍ നീക്കി ഹര്‍ജിക്ക് നമ്പര്‍ നല്‍കിയ കാര്യം സുപ്രീംകോടതി രജിസ്ട്രി സ്ഥിരീകരിച്ചു. 

വ്യക്തികള്‍, സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഏതാണ്ട് 60 ഹര്‍ജികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ആദ്യമായിട്ടാണ് നിയമത്തിനെതിരെ ഒരു സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അതിനിര്‍ണായകമായ രാഷ്ട്രീയ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

Content Highlights: Kerala Govt file plea against CAA in Supreme court