ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി ദേശീയവക്താവ് നൂപുര്‍ ശര്‍മയുടെ വിവാദപരാമര്‍ശത്തില്‍ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഈ രാജ്യങ്ങള്‍ ഏതാനും വര്‍ഷങ്ങളായി ഇന്ത്യക്കെതിരായി സംസാരിക്കുന്നവരാണ്. ഇത്തരം ചെറിയ അഭിപ്രായപ്രകടനങ്ങളേക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. പ്രധാനമന്ത്രിയും ആര്‍.എസ്.എസ്. മേധാവിയും തുടര്‍ച്ചയായി പറയുന്നത് എന്താണ് എന്നതിനാണ് നമ്മള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശത്തില്‍ കുവൈത്തും ഖത്തറും ഇറാനും സൗദിയും അടക്കമുള്ള രാജ്യങ്ങളും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും പ്രതിഷേധിച്ചിരുന്നു. ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചു. വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമെന്നും ഇന്ത്യാ സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയവും പ്രതിഷേധമറിയിച്ചത്.
എന്നാല്‍ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍) പ്രസ്താവന കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഒ.ഐ.സിക്ക് ഇടുങ്ങിയ ചിന്താഗതിയാണ്, വിമര്‍ശനം അനുചിതമാണെന്നും വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം, എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കണമെന്നും ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ പാകിസ്താനെതിരേയും ഇന്ത്യ ശക്തമായി രംഗത്തു വന്നിരുന്നു.
വിവാദപരാമര്‍ശം നടത്തിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെയും പാര്‍ട്ടിയുടെ ഡല്‍ഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡലിനെയും ബി.ജെ.പി. പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞദിവസം ഗ്യാന്‍വാപി വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു നൂപുറിന്റെ വിവാദപരാമര്‍ശം. ഇതേച്ചൊല്ലിയാണ് വെള്ളിയാഴ്ച യു.പി.യിലെ കാന്‍പുരില്‍ വന്‍ സംഘര്‍ഷമുണ്ടായത്. ട്വിറ്ററിലായിരുന്നു നവീന്‍ ജിന്‍ഡലിന്റെ വിവാദ പോസ്റ്റ്.
Content Highlights: Kerala Governor Arif Mohammad Khan on Prophet Muhammad controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..