തിരുവനന്തപുരം: രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ കേരളത്തിലേക്കെത്തുന്ന പ്രവാസികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി സംസ്ഥാന സര്‍ക്കാര്‍. വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് വിദേശത്തു കഴിയുന്നവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വീസ കാലാവധി പൂര്‍ത്തിയായവര്‍, കോഴ്‌സുകള്‍ പൂര്‍ത്തിയായ സ്റ്റുഡന്റ് വീസയിലുള്ളവര്‍, ജയില്‍ മോചിതര്‍, മറ്റുള്ളവര്‍ എന്നിങ്ങനെയാണ് മടങ്ങിയെത്തുന്ന പ്രവാസികളുടെ മുന്‍ഗണനാക്രമം.

തിരികെയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കില്‍ നോര്‍ക്ക സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഈ രജിസ്‌ട്രേഷന്‍ കൊണ്ട് ടിക്കറ്റ് ബുക്കിങ്ങില്‍ മുന്‍ഗണന ലഭിക്കില്ല. സൈറ്റ് നിര്‍മാണ ഘട്ടത്തിലാണ്. കേന്ദ്രാനുമതി ലഭിച്ചാലുടന്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ 

  • വിമാനത്താവളങ്ങളിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ക്വാറന്റീന്‍ സെന്ററിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റും. ലഗേജ് ഉള്‍പ്പെടെ ഈ സെന്ററുകളില്‍ സൂക്ഷിക്കും. 
  • രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവര്‍ 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. 
  • സ്വീകരിക്കാന്‍ വിമാനത്താവളങ്ങളിലെത്താന്‍ ബന്ധുക്കള്‍ക്ക് അനുവാദമുണ്ടാകില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറന്റീന്‍ ചെയ്യാം.

Content Highlights: Kerala Government has prepared guidelines for the return of expatriates